Connect with us

Articles

ഒരു തണുപ്പന്‍ സ്വീകരണത്തിന്റെ കഥ

Published

|

Last Updated

ഒരു രാഷ്ട്രത്തലവന് കിട്ടാവുന്ന ഏറ്റവും തണുത്ത സ്വീകരണം ഏറ്റുവാങ്ങിയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ ഏഴ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നത്. പുറത്ത് നിന്ന് ആര് വന്നാലും വിമാനത്താവളത്തില്‍ കാത്തു നിന്ന്, ഫോട്ടോ പിടിച്ചുവെന്ന് ഉറപ്പ് വരുത്തും വരെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളത്. അദ്ദേഹത്തിന്റെ ആശ്ലേഷം ഏല്‍ക്കാത്ത ലോക നേതാക്കളില്ലെന്ന് തന്നെ വന്നിരിക്കുന്നു. പ്രോട്ടോകോള്‍ മറന്ന സ്വീകരണം സമ്മാനിച്ച് വാര്‍ത്തകളില്‍ നിറയാന്‍ മിടുക്കനാണ് മോദി. എച്ച് വണ്‍ ബി വിസയിലും ട്രംപിന്റെ അമേരിക്ക ഫസ്റ്റിലും കുടുങ്ങി സിലിക്കണ്‍വാലിയിലെ കച്ചവടം ഏറെക്കുറെ പൂട്ടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഐ ടിക്കാര്‍ക്കടക്കം ആശ്രയ കേന്ദ്രമാകേണ്ട രാജ്യമാണ് കാനഡ. ഔദ്യോഗികമായി എന്ത് അകല്‍ച്ച വെച്ചാലും സാങ്കേതിക ജ്ഞാനമുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌ന ഭൂമിയായി കാനഡ മാറിയിരിക്കുന്നു. കനേഡിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ നല്ല നിലയില്‍ നിക്ഷേപം നടത്തുന്നുമുണ്ട്. ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വലിപ്പങ്ങളൊന്നും പക്ഷേ, മോദിക്ക് പ്രശ്‌നമായില്ല. ഒരു ഊഷ്മളതയും ഉണ്ടായില്ല. സുമുഖനും സുന്ദരനും ചെറുപ്പക്കാരനുമായ ട്രൂഡോ ഭാര്യക്കും കുട്ടികള്‍ക്കൊമൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ കാബിനറ്റ് റാങ്കുള്ള മന്ത്രിയെപ്പോലും അയച്ചില്ല. കൃഷി സഹമന്ത്രിയെ അയച്ച് ചടങ്ങ് കഴിച്ചു. ജസ്റ്റിന് സ്വാഗതമരുളി മോദി ട്വിറ്ററില്‍ ഒരു വരി പോലും കുറിച്ചില്ല.

താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും പോയപ്പോള്‍ യു പിയിലെ ഒരു സഹമന്ത്രി പോലും അവിടെയെത്തിയില്ല. കലക്ടറേറ്റിലെ ഉദ്യോഗസ്ഥരെയാണ് അവിടേക്ക് അയച്ചത്. കൊട്ടും കുരവയുമില്ല. ആഘോഷമില്ല. മാധ്യമങ്ങള്‍ക്കും സര്‍വത്ര അലസത. അങ്ങനെ തന്നെയാണ് ദേശക്കൂറുള്ള മാധ്യമങ്ങള്‍ ചെയ്യേണ്ടത്. സര്‍ക്കാറിന് താത്പര്യമില്ലാത്ത അതിഥിയെങ്കില്‍ അവര്‍ക്കും താത്പര്യത്തിന്റെ ആവശ്യമില്ല. ഇന്ത്യയിലെത്തുന്ന ഏത് ഉന്നത വ്യക്തിയെയും നരേന്ദ്ര മോദി സ്വന്തം സംസ്ഥാനത്ത് കൊണ്ടുപോകും, പടം പിടിക്കും. ഗുജറാത്തിലേക്ക് പ്രധാനമന്ത്രി ചുരുങ്ങുന്നത് ശരിയോ എന്ന് ആരും ചോദിക്കാറില്ല. സബര്‍മതി ആശ്രമത്തില്‍ ലോക നേതാക്കള്‍ക്കൊപ്പം ചെന്ന് നിന്ന് ഗാന്ധിയന്‍ പാരമ്പര്യത്തിന്റെ വ്യാജ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹം പ്രത്യേകം ശുഷ്‌കാന്തി കാണിക്കാറുണ്ട്. ജസ്റ്റിന്റെ കാര്യത്തില്‍ അതും ഉണ്ടായില്ല. ശരിക്കും അപമാനിച്ചു കളഞ്ഞു. എന്ത് നീരസമുണ്ടെങ്കിലും വീട്ടില്‍ കയറി വന്നവനെ അപമാനിച്ചു വിടരുതെന്ന പ്രാഥമിക മര്യാദ പോലും പാലിക്കപ്പെട്ടില്ല. അതിഥി ദേവോ ഭവഃ എന്നാണല്ലോ.

പക്ഷേ, ജസ്റ്റിന്‍ ട്രോഡോയെ ഇങ്ങനെ തഴയാന്‍ തക്കതായ കാരണങ്ങള്‍ നിരത്താനുണ്ട് ഇന്ത്യക്ക്. ഖലിസ്ഥാന്‍ വാദമാണ് പ്രശ്‌നം. ഒരു നിലക്കും പൊറുക്കാനാകാത്ത പാതകം. ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പ് തന്നെ അഖണ്ഡതയിലാണ്. ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ട അതിര്‍ത്തി നലനിര്‍ത്തുകയെന്ന ദൗത്യമാണ് രാഷ്ട്രങ്ങള്‍ ഏറ്റവും നന്നായി നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോ വ്യക്തിപരമായും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒന്നാകെയും ഇന്ത്യയില്‍ പ്രത്യേക സിഖ് രാഷ്ട്രമെന്ന തീവ്രവാദികളുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നാണ് ഇന്ത്യയുടെ പരാതി. അത് തെളിയിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട് താനും. അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുമായി കാനഡയിലെ ഏറ്റവും വലിയ വംശീയ ഗ്രൂപ്പാണ് സിഖുകാര്‍. ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരാണ് സിഖുകാരില്‍ ഭൂരിപക്ഷവും. വോട്ട്‌ബേങ്ക് രാഷ്ട്രീയത്തിന്റെ മര്‍മമറിഞ്ഞ ട്രൂഡോ തന്റെ മന്ത്രിസഭയില്‍ നാല് സിഖുകാര്‍ക്കാണ് ഇടം നല്‍കിയത്.

വിഷയം അതല്ല. കനേഡിയന്‍ സിഖുകാര്‍ക്കിടയില്‍ ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ പോലുള്ള ഖലിസ്ഥാന്‍വാദി സംഘടനകള്‍ സജീവമാണ്. ടൊറന്റോയിലടക്കമുള്ള ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് ഇത്തരം ആശയപ്രചാരണങ്ങള്‍ പരസ്യമായി നടക്കുന്നു. പല ഗുരുദ്വാരകളിലും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഖല്‍സാ ഡേ പരേഡില്‍ ട്രൂഡോ പങ്കെടുക്കുകയും ഖലിസ്ഥാന്‍വാദി നേതാക്കള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയുമുണ്ടായി. 1980കളിലെ ഖലസ്ഥാന്‍ തീവ്രവാദവും 1984ലെ ബ്ലൂസ്റ്റാര്‍ ഓപറേഷനും ഒരിക്കല്‍ കൂടി ചര്‍ച്ചയിലേക്ക് വരുന്നതിന് ഇത് കാരണമായി. സിഖ് തീവ്രവാദത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായം കാനഡയിലാണല്ലോ രചിക്കപ്പെട്ടത്. 1985ല്‍ കാനഡ- മുംബൈ എയര്‍ ഇന്ത്യാ വിമാനം തകര്‍ത്ത് 329 പേരെയാണ് കൊന്നത്.

ട്രൂഡോയുടെ ഖല്‍സാ പരേഡില്‍ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. നയതന്ത്ര ബന്ധം തുടരണമെങ്കില്‍ തീവ്രവാദികളെ തള്ളിപ്പറയണമെന്ന് ഇന്ത്യ ശഠിച്ചു. നേര്‍ വിപരീതമാണ് സംഭവിച്ചത്. പ്രധാന പ്രവിശ്യയായ ഒന്റാരിയോയിലെ നിയമസഭ പാസ്സാക്കിയ പ്രമേയം ഇന്ത്യയെ കൂടുതല്‍ നോവിക്കുന്നതായിരുന്നു. ഇന്ദിരാഗാന്ധി വധത്തിന് പിറകേ നടന്ന സിഖ് കൂട്ടക്കൊല വംശഹത്യയാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പ്രമേയം. ഇതിന് പിറകേ നിശ്ചലമായ നയതന്ത്ര ബന്ധം നേരെയാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയതും ഏഴ് ദിവസം തങ്ങിയതും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് മഞ്ഞുരുക്കല്‍ ശ്രമത്തിന്റെ ഭാഗമായിരുന്നു.

അമരീന്ദറുമായുള്ള പ്രശ്‌നം മനസ്സിലാകാന്‍ അല്‍പ്പം പിറകോട്ട് പോകണം. ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയാണ് ഹര്‍ജിത് സിംഗ് സജ്ജാന്‍. ഖലിസ്ഥാന്‍ മുദ്ര പതിഞ്ഞ നേതാവ്. അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വന്നപ്പോള്‍ അമരീന്ദര്‍ സിംഗിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കാണില്ലെന്ന തീരുമാനത്തില്‍ അമരീന്ദര്‍ സിംഗ് ഉറച്ച് നിന്നു. രാജ്യത്തിന്റെ ശത്രുക്കളോട് ഉപചാരമില്ലെന്നതായിരുന്നു നിലപാട്. കാനഡ സ്വാഭാവികമായും പ്രതിഷേധിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കളും അതല്‍പ്പം കടന്നു പോയില്ലേ എന്ന് ചോദിച്ചു. അമരീന്ദര്‍ ഒരു ഖേദപ്രകടത്തിനും പോയില്ല. പല്ലിന് പകരം പല്ലാണ് നയമെങ്കില്‍ ജസ്റ്റിന്‍ ട്രൂഡോ ഒരിക്കലും അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്താന്‍ പാടില്ലാത്തതാണ്. പക്ഷേ, അമരീന്ദറിനെ ജസ്റ്റിന്‍ കണ്ടു. കൈപിടിച്ചു. വോട്ട്‌ബേങ്കിനായി താന്‍ നടത്തിയ പക്ഷം പിടിക്കലിന് ചെറിയ തോതിലെങ്കിലും പിഴയൊടുക്കുകയായിരുന്നു ട്രൂഡോ. അഖണ്ഡ ഇന്ത്യയാണ് കാനഡയുടെ മുന്‍ഗണന എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ തരം വിഘടവാദങ്ങലെയും ശക്തമായി എതിര്‍ക്കുമെന്നും ആണയിട്ടു. മോദിയുമായുള്ള കലാശ കൂടിക്കാഴ്ചക്ക് മുമ്പ് എല്ലാമൊന്ന് തണുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കണം.
പക്ഷേ, പിന്നെയുമുണ്ടായി ആന്റി ക്ലൈമാക്‌സ്. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ഒരുക്കിയ വിരുന്നിലേക്ക് ജസ്പാല്‍ അത്‌വാലിനെ ക്ഷണിച്ചതാണ് ഒടുവില്‍ പ്രശ്‌നമായത്. അത്‌വാല്‍ പ്രമുഖ കനേഡിയന്‍ വ്യവസായിയാണ്. 1986ല്‍ പഞ്ചാബ് മന്ത്രി മല്‍കിയാത് സിംഗ് സിദ്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ്. തെളിവില്ലാത്തതിനാല്‍ പിന്നീട് ജയില്‍മോചിതനായി. സിഖ് തീവ്രവാദ ഗ്രൂപ്പുകളുമായി എക്കാലവും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അവരുടെ സാമ്പത്തിക സ്രോതസ്സാണ് അത്‌വാല്‍. ഇങ്ങനെയൊരാള്‍ക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് എങ്ങനെ ക്ഷണം ലഭിച്ചു? ജസ്റ്റിന്റെ ഭാര്യയുമൊത്ത് അത്‌വാല്‍ ചിരിച്ചു നില്‍ക്കുന്ന പടം കൂടി പുറത്ത് വന്നതോടെ സംഗതി വീണ്ടും കുഴഞ്ഞ് മറിഞ്ഞു. ഒടുവില്‍ അത്‌വാലിന്റെ ക്ഷണം റദ്ദാക്കി കാനഡ തടിയൂരി. അപ്പോഴും ചോദ്യം അവശേഷിക്കുന്നു. അത്‌വാലിന് എങ്ങനെ ഇന്ത്യയിലേക്ക് വിസ ലഭിച്ചു? എവിടെയാണ് വീഴ്ച സംഭവിച്ചത്?

ഏതായാലും ഏതാനും കരാറുകളിലൊക്കെ ഒപ്പ് വെച്ച്, മോദിയെ ഒന്ന് ഹസ്തദാനം ചെയ്ത് ജസ്റ്റിന്‍ ട്രൂഡോ മടങ്ങിപ്പോയിരിക്കുന്നു. സിഖു സമൂഹത്തെ ഒരിക്കല്‍ കൂടി സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടാണ് അദ്ദേഹം വിമാനം കയറുന്നത്. കാനഡയിലെ സിഖ് ഗ്രൂപ്പുകള്‍ക്ക് വിഘടവാദപരമായ മുന്‍ഗണനകള്‍ ഇപ്പോഴും ഉണ്ടായിരിക്കാം. അവിടുത്തെ ഗുരുദ്വാരകളില്‍ “വാഗ്ദത്ത ഭൂമി”യെ കുറിച്ച് ഇപ്പോഴും മന്ത്രങ്ങളുയരുന്നുമുണ്ടാകാം. ഭൂതകാലം അത്ര പെട്ടെന്ന് മായ്ച്ച് കളയാനാകില്ലല്ലോ. എന്നാല്‍ ഇന്ത്യയിലെ സിഖുകാരെ ആ ബോധം അതേ അളവില്‍ ആവേശിക്കുന്നുവെന്നതിന് തത്കാലം തെളിവുകളൊന്നുമില്ല. എണ്‍പതുകളില്‍ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് നീണ്ട ഡോളര്‍ കുഴുലുകള്‍ ഇന്ന് വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സിഖ് കൂട്ടക്കൊലയുടെ പാപഭാരം പേറുന്ന കോണ്‍ഗ്രസാണ് ഇന്ന് പഞ്ചാബ് ഭരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോക്ക് സമ്മാനിച്ച അപമാനത്തിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴി ബ്ലൂസ്റ്റാര്‍ ഓപറേഷനും ഇന്ദിരാ വധവും സിഖ് കൂട്ടക്കൊലയും എയര്‍ ഇന്ത്യ വിമാന പതനവും അത്‌വാലുമെല്ലാം സ്മൃതിപഥത്തിലേക്ക് വരികയാണ്. ബ്ലൂസ്റ്റാര്‍ ഓപറേഷന്‍ ഭരണകൂട ഭീകരത ആയിരുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ രാജ്യത്തിന് സാധിക്കുമോ? സിഖ് കൂട്ടക്കൊലയുടെ പേരില്‍ രാഷ്ട്രീയ നേതൃത്വം വിചാരണ നേരിട്ടോ? അത് വംശഹത്യയായിരുന്നില്ലെന്ന് തറപ്പിച്ച് പറയുന്നത് ദേശസ്‌നേഹത്തിന്റെ വില കുറഞ്ഞ ആവിഷ്‌കാരമല്ലേ?

വിഘടിക്കരുതെന്ന് ഒരു സമൂഹത്തോട് നിവര്‍ന്ന് നിന്ന് പറയണമെങ്കില്‍ അവരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ രാഷ്ട്രത്തിന് സാധിക്കണം- ചരിത്രത്തിലും വര്‍ത്തമാനത്തിലും. ആ ജനതയെ സംശയത്തില്‍ നിന്ന് മോചിപ്പിക്കണം. വിഘടിക്കരുതെന്ന ശാഠ്യം രാഷ്ട്രത്തിന്റെ യുക്തിയാണ്. അത് ജനങ്ങളുടെ യുക്തിയായി മാറുന്നിടത്താണ് ജനായത്തം വിജയിക്കുന്നത്. സിഖ് ജനത രാഷ്ട്രയുക്തിയില്‍ അടിയുറച്ച് വിശ്വസിക്കുമ്പോള്‍ അങ്ങ് ഒട്ടാവയില്‍ ഖലിസ്ഥാന്‍ മുദ്രാവാക്യം എത്ര ഉച്ചത്തില്‍ മുഴങ്ങിയാലും ഇന്ത്യയില്‍ പ്രകമ്പനം ഉണ്ടാക്കില്ല. അപ്പോള്‍ കാനഡ ഇന്ത്യക്ക് സാധ്യതയായി മാറും. ജസ്റ്റിന്‍ ട്രൂഡോ ബഹുമാന്യനായ അതിഥിയും.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest