Connect with us

Kannur

ശുഐബ് വധം: അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തില്‍ പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കാളികളായവരും പിടിയിലായവരില്‍പെടുന്നു. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ആകാശ്, റിജിന്‍ രാജ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നടന്ന തിരിച്ചറിയില്‍ പരേഡജില്‍ ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി എ ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കൊല്ലപ്പെട്ട ശുഐബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ്, മുയിനുദ്ദീന്‍ എന്നിവരാണ് തിരിച്ചറിയല്‍ പരേഡിനായി എത്തിയത്.

ഫെബ്രുവരി 12ന് രാത്രി എടയൂരില്‍ വെച്ച് തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശുഐബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തിയായിരുന്നു അക്രമം. ശുഐബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാര്‍ന്നായിരുന്നു മരണം.

Latest