വീണ്ടും ബേങ്ക് തട്ടിപ്പ്: ഓറിയന്റല്‍ ബേങ്കില്‍ നിന്ന് തട്ടിയത് 390 കോടി

Posted on: February 24, 2018 11:49 am | Last updated: February 24, 2018 at 1:01 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പിന് പിന്നാലെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കൂടി പുറത്തായി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയായ ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ ഓറിയന്റല്‍ ബേങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 390 കോടി രൂപ തട്ടിയതായാണ് റിപ്പോര്‍ട്ട്.

ബാങ്കിന്റെ പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് മാസം മുമ്പ് ഓറിയന്റല്‍ ബേങ്ക് അസി. ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര നല്‍കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിംഗ്, രവി സിംഗ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

2007-12 കാലയളവിലാണ് ദ്വാരക സേത് കമ്പനി ഓറിയന്റല്‍ ബേങ്കില്‍ നിന്ന് 390 കോടി വായ്പ എടുത്തത്. പത്ത് മാസമായി ഇവരും കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. ആഭരണ നിര്‍മിക്കുകയും സ്വര്‍ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍.