ശുഐബ് വധക്കേസ് സി ബി ഐക്ക് വിട്ടേക്കും

സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് തലയൂരാന്‍ ശ്രമം
Posted on: February 23, 2018 9:14 am | Last updated: February 23, 2018 at 10:49 am

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ കൊലപാതക കേസിന്റെ അന്വേഷണം സി ബി ഐക്ക് വിട്ടേക്കും. ശുഐബ് വധവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ശുഐബിന്റ കുടുംബവും യു ഡി എഫ് നേതാക്കളും ഒന്നടങ്കം ആവശ്യപ്പെട്ട സാഹചര്യത്തിലും ഇതേച്ചൊല്ലി നടക്കുന്ന സമരം അനിശ്ചിതമായി നീളുന്നതിന്റെ പശ്ചാത്തലത്തിലുമാണ് അന്വേഷണം സി ബി ഐക്ക് വിടാനുള്ള സാഹചര്യം തെളിയുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ പങ്കെടുത്ത എല്‍ ഡി എഫ്- ബി ജെ പി നേതാക്കളും സി ബി ഐ അന്വേഷണ ആവശ്യം തള്ളിക്കളയരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഏതുതലത്തിലുളള അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന നിലപാടുമായി മന്ത്രി എ കെ ബാലനും രംഗത്തെത്തിയത്.
സി പി എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ ശുഐബ് വധക്കേസില്‍ നിന്ന് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് തത്കാലം തലയൂരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ശുഐബ് വധത്തിന്റെ പേരില്‍ യു ഡി എഫ് സംസ്ഥാനമാകെ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യം നിലവിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും ഇതിനകം വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇത് സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. നിയമസഭയിലും ഇതിന്റെ അലയൊലികളുണ്ടാകും. നിയമസഭക്കകത്ത് ശുഐബ് വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തുകയെന്ന് കെ മുരളീധരന്‍ എം എല്‍ എ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സി പി എമ്മിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നല്‍കുകയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രതിപക്ഷരോഷം തണുപ്പിക്കാന്‍ ഉടന്‍ സി ബി ഐ അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, കൊലപാതക കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ സംഘടനാതലത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നറിയിച്ച സി പി എം ജില്ലാ നേതൃത്വത്തോട് കേസില്‍ ഉള്‍പ്പെട്ട മുഴുവനാളുകളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന തരത്തിലുള്ള നടപടിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായും സൂചനയുണ്ട്.