ലോക നേതാക്കളെ വിമര്‍ശിച്ച് ആംനെസ്റ്റി റിപ്പോര്‍ട്ട്

Posted on: February 23, 2018 1:46 am | Last updated: February 23, 2018 at 12:46 am

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മനുഷ്യാവകാശ സംരക്ഷകരായി മാറേണ്ട നേതാക്കള്‍ നേര്‍ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്ന വിലയിരുത്തലുമായി ആംനസ്റ്റി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ്‌വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് തുടങ്ങിയ ലോക നേതാക്കള്‍ പ്രതിലോമകരമായ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവരുടെ നടപടികള്‍ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കുന്നതും വെറുപ്പു കലര്‍ന്നതുമാണെന്നും ആംനസ്റ്റി വ്യക്തമാക്കുന്നു. ഇന്നലെ പുറത്തിറക്കിയ മനുഷ്യാവകാശ റിപ്പോര്‍ട്ട്- 2017ലാണ് സംഘടന ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഈജിപ്തിലെ ഫതഹ് അല്‍ സീസി, വെനിസ്വേലയിലെ നിക്കോളാസ് മദുറോ, ഫിലിപ്പൈന്‍സിലെ റോഡ്രിഗോ ഡ്യൂട്ടര്‍ട് തുടങ്ങിയവരെയും റിപ്പോര്‍ട്ട് പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. അതേസമയം, ഈ നേതാക്കള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നു വരുന്നുവെന്നത് ആശ്വാസകരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള സംഭവവികാസങ്ങളില്‍ മുമ്പൊരിക്കലും ഇല്ലാത്ത നിലയില്‍ ഭയം പിടിമുറുക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളേണ്ട നേതാക്കള്‍ അത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പറഞ്ഞു. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നയവും മയക്കുമരുന്ന് ലോബിയെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഫിലിപ്പൈന്‍സിലെ ഡ്യൂട്ടര്‍ട്ടിന്റെ സൈനിക നടപടിയും വെനിസ്വേലയിലെ പ്രക്ഷോഭം അടിച്ചമര്‍ത്തിയ മദുറോ സര്‍ക്കാറിന്റെ നയവും മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തമോദാഹരണമാണ്. റഷ്യയിലെ പുടിനും ചൈനയിലെ സി ജിന്‍ പിംഗും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയാണ്. സീസിയുടെ ഭരണകൂടം ജനവിരുദ്ധമായാണ് ഭരണം നടത്തുന്നത്.
ഭരണത്തലപ്പത്ത് ഇരിക്കുന്നവര്‍ മനുഷ്യത്വവിരുദ്ധരായി മാറുമ്പോള്‍ ശക്തമായ പ്രക്ഷോഭം ഉയരുന്നതും 2017ന്റെ കാഴ്ചയാണ്. ജനകീയ ശക്തി വിളിച്ചോതുന്ന പ്രക്ഷോഭങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാം അരങ്ങേറുന്നത്. അടിച്ചമര്‍ത്തും തോറും ഈ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡൊണാള്‍ഡ് ട്രംപിനെതിരെ മാത്രം 600 കൂറ്റന്‍ വനിതാ റാലികളാണ് നടന്നത്.
മ്യാന്‍മറിലെ വംശഹത്യയും യമനിലെ മാനുഷിക പ്രതിസന്ധിയും റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.