ഹജ്ജ് നയം: തുടര്‍വാദം അടുത്ത മാസം ഒമ്പതിന്‌

Posted on: February 23, 2018 12:37 am | Last updated: February 23, 2018 at 12:37 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ച ഹജ്ജ് ക്വാട്ട എത്രയെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം സഊദി സര്‍ക്കാര്‍ അനുവദിച്ച ക്വാട്ട, അതില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയതിന്റെ എണ്ണം, ബാക്കി, സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതിന്റെ മാനദണ്ഡം, ഇതുവരെ വിതരണം ചെയ്ത സീറ്റുകളുടെ എണ്ണം എന്നിവ ചുരുക്കി വിവരിക്കണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തോട് ബഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിക്കവേ, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കും പാര്‍ലിമെന്റില്‍ വെച്ച കണക്കും വൈരുധ്യമുണ്ടെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ വാദം ശരിവെച്ചാണ് മൂന്നംഗ ബഞ്ചിന്റെ നടപടി. തുടര്‍ന്ന് കേസ് ഇന്നലെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അടുത്ത മാസം ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.