Connect with us

Kerala

സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം: വിദ്യാഭ്യാസ വകുപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ചര്‍ച്ച നടത്തും

Published

|

Last Updated

അജ്മാന്‍: ബിരുദ കോഴ്‌സുകള്‍ക്ക് യു എ ഇയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി ഭീഷണി നേരിടുന്നവരുടെ പ്രശ്‌നത്തില്‍ യുഎഇ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താനെത്തിയ അജ്മാനിലെ അധ്യാപകരോടാണ് കോണ്‍സുലേറ്റ് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് അറിയിച്ചത്.
രണ്ടു ദിവസത്തിനകം യു എ ഇ വിദ്യാഭ്യാസ വകുപ്പിലേക്ക് ഇത് സംബന്ധിച്ച് നോട്ട് വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ നടത്തുമെന്ന് വിദ്യാഭ്യാസ വിഭാഗം കോണ്‍സുല്‍ പങ്കജ് ബോഡ്‌കെ പറഞ്ഞു.

സ്വകാര്യ കോളജുകളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലുമായി ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരാണ് തൊഴില്‍ ഭീഷണി നേരിടുന്നത്. യു എ ഇ വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പിക്കാന്‍ സാധിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഇതെ തുടര്‍ന്ന് വിവിധ എമിറേറ്റുകളിലായി 500ലേറെ അധ്യാപകര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണ്.
നാട്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലും ചേര്‍ന്ന് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്താണ് നിരവധി പേര്‍ ബിരുദവും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പഠിച്ച് വിജയിക്കുന്നവര്‍ക്കും സര്‍വകലാശാലകള്‍ ഒരേ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്.

സര്‍ട്ടിഫിക്കറ്റില്‍ പഠനം നടത്തിയ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താത്തതിനാല്‍ നേരത്തെ ഇവക്ക് തുല്യതാപദവി ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കോഴ്‌സുകള്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. തുല്യതാ പദവി ലഭിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നല്‍കാത്തതാണ് നിരവധി ഉദ്യോഗാര്‍ഥികളുടെ തൊഴിലിന് ഭീഷണിയായിട്ടുള്ളത്.
പ്രൈവറ്റ്, ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ക്ക് പുറമെ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയ മാര്‍ക്ക് ലിസ്റ്റിലെ അവ്യക്തതയുള്ളവര്‍ക്കും തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയ എക്‌സ്റ്റേണല്‍ എന്ന വാക്കാണ് അവ്യക്തത സൃഷ്ടിക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ വകപ്പിനെ ബോധ്യപ്പെടുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനും ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രമിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് സിറാജ് നേരത്തെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൂടാതെ സിറാജ് പ്രതിനിധി കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെ കണ്ടിരുന്നു.

പ്രൈവറ്റ്, ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയില്‍ ജോലിചെയ്യാമെന്നതിനാല്‍ ഇത്തരത്തിലുള്ള ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് നല്‍കണമെന്നാണ് കോണ്‍സുലേറ്റ് യു എ ഇ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നത്. അതെസമയം, നിലവില്‍ ജോലിയില്‍ തുടരുന്നവരുടെ ജോലി സംരക്ഷണ കാര്യത്തിലെങ്കിലും സംരക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് അധ്യാപകര്‍ ആവിശ്യപ്പെട്ടു.
അജ്മാനില്‍ നിന്നുള്ള അധ്യാപകരായ സുരേഷ്‌കുമാര്‍, അക്ബറലി, മുഹമ്മദലി എന്നിവരാണ് ഇന്നലെ പങ്കജ് ബോഡ്‌കെയുമായി ചര്‍ച്ച നടത്തിയത്. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ ഇടപെടുമെന്ന ഉറപ്പും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്.

Latest