Connect with us

Gulf

കോഴിക്കോട് വിമാനത്താവളത്തില്‍ ലഗേജ് കൊള്ള; പ്രവാസ ലോകത്തു പ്രതിഷേധം ശക്തം

Published

|

Last Updated

ദുബൈ: കോഴിക്കോട് വിമാനത്താവളത്തില്‍ ഗള്‍ഫ് യാത്രക്കാരുടെ ലഗേജുകള്‍ കൊള്ളയടിച്ച സംഭവത്തിനെതിരെ പ്രവാസ ലോകത്തു പ്രതിഷേധം ശക്തം.
കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് പുറപ്പെട്ട ഐ എക്‌സ് 344 വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകളും ഹാന്‍ഡ് ബാഗുകളും കൊള്ളയടിച്ചു വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മോഷണം പ്രവാസ ലോകത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

സമാന സംഭവങ്ങള്‍ മുന്‍പും കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ പങ്കുവെച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ സംഭവത്തെ കുറിച്ച് പരാതി നല്‍കി കേസിന് പിന്നാലെ പോകില്ല എന്ന് മനസിലാക്കിയാണ് കൊള്ള.
കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ കടമേരി സ്വദേശിയും യു എ ഇ യിലെ അറിയപ്പെടുന്ന സംഘാടകനും സാമൂഹിക പ്രവര്‍ത്തകനുമായ സമദ് കടമേരി, താമരശ്ശേരി സ്വദേശിയായ അസീസ് അടക്കം ഒട്ടേറെ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് കളവ് പോയത്.

കേവലം ഏഴ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീന്‍ എന്ന പ്രവാസിക്കും ദുരനുഭവമുണ്ടായി. ബാഗിന്റെ പുട്ട് മുറിച്ചിട്ടാണ് സംസങ്ങ് എ5 ഫോണും മറ്റു സാധനങ്ങളും കവര്‍ന്നത്. തുടര്‍ന്ന് മറ്റുള്ള യാത്രക്കാരും ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായി. രണ്ട് പവന്‍ വരുന്ന സ്വര്‍ണാഭരണം, വാച്ച്, മൊബൈല്‍ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ജിയാസുദ്ദീന്റെ കൂടെയുള്ള യാത്രക്കാരന്റെ ബാഗില്‍ നിന്നും അപ്രത്യക്ഷമായത്. മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ നിന്നും 1000 ദിര്‍ഹവും ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും കളവുപോയി. ചില യാത്രക്കാരുടെ ബാഗുകള്‍ പൊട്ടിച്ചിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ പൊട്ടിച്ച ബാഗുകളിലുണ്ടായിട്ടും മോഷണം നടത്താത്ത വിചിത്രമായ സംഭവവും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നു. ദുബൈയില്‍ നിന്നും രാവിലെ 7.20ന് കരിപ്പൂരില്‍ ഇറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ വിമാനത്തില്‍ എത്തിയ യാത്രക്കാരെയാണ് പരക്കെ കൊള്ളയടിച്ചത്.

“മൊബൈലും പണവും മറ്റ് വിലപിടിച്ച വസ്തുക്കളുമൊക്കെയാണ് യാതൊരു ഉളുപ്പും ഇല്ലാതെ ലഗ്ഗേജ് തുറന്നെടുത്തു കൊണ്ടുപോയിരിക്കുന്നത്. സദാസമയവും സി സി ടി വി ക്യാമറകള്‍ കണ്ണ് തുറന്നിരിക്കുന്ന, അകത്തേക്കും പുറത്തേക്കും പോകാന്‍ കര്‍ശനമായ സെക്യൂരിറ്റി പരിശോധനകള്‍ ഉള്ള എയര്‍പ്പോര്‍ട്ടില്‍ ആണ് ഈ “പകല്‍ക്കൊള്ള”യെന്ന് ഒരു യാത്രക്കാരന്‍ പരാതിപെടുന്നു.
ഈയൊരു സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളം വഴി യാത്രനടത്തുന്നവരുടെ ആശങ്കയകറ്റാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തയ്യറാവുകയും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരവും മോഷ്ടക്കള്‍ക്കളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും വേണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

അഞ്ച് മാസത്തിനിടെ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 14 പരാതികളാണ് ലഗേജ് നഷ്ടപ്പെട്ടെന്ന് കാണിച്ച് ലഭിച്ചത്. പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും തുടര്‍ നടപടികളില്‍ പ്രവാസികള്‍ താല്‍പര്യം കാണിക്കാത്തത് അന്വേഷണം വഴിമുട്ടുകയാണ് പതിവ്. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്കെത്തുന്ന അധികം പ്രവാസികള്‍ക്കും കുറഞ്ഞ ദിവസങ്ങള്‍ മാത്രമായിരിക്കും അവധി. ഈ ദിവസങ്ങള്‍ കേസിന്റെ പിന്നാലെ കൂടേണ്ടി വരുമെന്നതാണ് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇതാണ് അഴിഞ്ഞാടാന്‍ അവസരമൊരുങ്ങുന്നതെന്ന് പ്രവാസ ലോകത്തു ചര്‍ച്ചയായിട്ടുണ്ട്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങളില്‍ കരിപ്പൂരില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജുകളുള്‍പെടെയുള്ള ബാഗുകളാണ് കൊള്ളയടിക്കുന്നതെന്നാണ് പരാതി.
എയര്‍പോര്‍ട്ടിലെ കസ്റ്റംസ് -എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ ഉത്തരവാദിത്വബോധമില്ലായ്മയാണ് യാത്രക്കാരെ കൊള്ളയടിക്കുവാന്‍ കാരണമാവുന്നത്. ഗള്‍ഫില്‍ നിന്നും വിമാനം കയറുമ്പോള്‍ എന്‍ട്രി പോയന്റില്‍ നിന്നും ഹാന്റ് ബഗ്വേജുകള്‍ കാബിനില്‍ കയറ്റാന്‍ അനുവദിക്കാതെ കാര്‍ഗോ വിഭാഗത്തിലേക്ക് മാറ്റുന്നത് പതിവാണ്. വിമാനങ്ങളിലെ കാബിനുകളില്‍ മതിയായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെക്കിന്‍ കഴിഞ്ഞു എയര്‍ പോര്‍ട്ട് ലോഞ്ചില്‍ ഇരിക്കുന്ന യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ചെക്കിന്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന സ്ഥലത്തു സൂക്ഷിക്കാമെന്ന വാഗ്ദാനത്തോടെ എയര്‍ലൈന്‍ ജീവനക്കാര്‍ വാങ്ങുന്നത്. യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഹാന്‍ഡ് ബാഗിലാണ് സൂക്ഷിക്കുന്നതിനെന്നതിനാല്‍ കൂടുതല്‍ പേരുടെയും ഹാന്‍ഡ് ബാഗുകളാണ് തുറന്ന നിലയില്‍ കാണപ്പെടുന്നതെന്ന പരാതി ശക്തമായിട്ടുണ്ട്.
ബാഗേജുകള്‍ കളവ് പോകുന്ന സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയിലെ അധികാരികളോട് വിവിധ തലങ്ങളില്‍ നിന്നും സമ്മര്‍ദം ചെലുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിനെതിരെ നിരവധി ട്രോളുകളും ഇതിനോടകം സ്ഥാനം പിടിച്ചു കഴിഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രവാസ ലോകത്തെ നിരവധി സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.