കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം
Posted on: February 21, 2018 9:20 am | Last updated: February 21, 2018 at 12:28 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എസ് പി ശുഐബ് കൊല്ലപ്പെട്ടതിന്റെ ഒമ്പതാം ദിവസം കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗം ചേരും. എല്ലാ കക്ഷി പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. പകരം മന്ത്രി എ കെ ബാലനാണ് യോഗം നിയന്ത്രിക്കുക.

ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. മുഖ്യമന്ത്രിയായിരുന്നു യോഗം വിളിക്കേണ്ടിയിരുന്നത് എന്നാണ് യുഡിഎഫിന്റെ നിലപാട്. ഇക്കാര്യം മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഉണ്ടാവില്ല.

പലപ്പോഴും പ്രഹസനമായി മാറാറുള്ള സമാധാന യോഗത്തെ ചോദ്യം ചെയ്ത് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്നു യോഗം വിളിക്കേണ്ടിയിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
സമാധാന യോഗമെന്നത് കബളിപ്പിക്കലാണെന്നും ഓരോ യോഗത്തിന് ശേഷവും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.