ഖത്വറിലെ ലോകകപ്പ് തയാറെടുപ്പില്‍ സംതൃപ്തിയെന്ന് ഫിഫ

Posted on: February 20, 2018 9:43 pm | Last updated: February 20, 2018 at 9:46 pm

ദോഹ: ഖത്വറില്‍ 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു വേണ്ടിയുള്ള തയാറെടുപ്പില്‍ തങ്ങള്‍ അതീവ സംതൃപ്തരാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. മികച്ച ടൂര്‍ണമന്റായിരിക്കും ഇവിടെ നടക്കുക. ഖത്വര്‍ ലോകകപ്പില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. പ്രതീക്ഷകളേക്കാള്‍ ഉയരത്തിലായിരിക്കും ടൂര്‍ണമെന്റെന്നും അദ്ദേഹം പറഞ്ഞു. മൗറിറ്റാനിയയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.
അയല്‍ അറബ് രാജ്യങ്ങളുടെ ഉപരോധം തുടരുമ്പോഴും ഖത്വറില്‍ ലോകകപ്പിനു വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുടക്കമില്ലാതെ നടന്നുവരുന്നുണ്ടെന്ന് ഫിഫ നേരത്തേ വിലയിരുത്തിയിരുന്നു. സ്റ്റേഡിയങ്ങളുടെ നിര്‍മാണം സമയബന്ധിതമായി നടക്കുന്നുവെന്നാണ് ഫിഫയുടെ നിരീക്ഷണം. ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായി നിന്ന് 2022ലെ ലോകകപ്പ് നടത്തണമെന്ന് ഈ മാസം ആദ്യത്തില്‍ ഫിഫ പ്രസിഡന്റ് പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് ഖത്വറിന്റെ മാത്രമല്ലെന്നും മേഖലയുടെ ആകെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.