ഫലം കാണാത്ത പരിശ്രമങ്ങള്‍

നഷ്ടം നികത്താന്‍ അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെ എസ് ആര്‍ ടി സിയുടെ ഭൂമിയില്‍ ബസ് ടെര്‍മിനലിനൊപ്പം വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ഈ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് ബസ് സ്‌റ്റേഷനുകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം നിര്‍മിച്ചത്. ഇവിടങ്ങളിലുള്ള വ്യാപാര സമുച്ചയങ്ങള്‍ വാടകക്ക് എടുക്കാന്‍ ആളുകളെത്താത്തതിനാല്‍ ഇതുവരെ കാര്യമായ വരുമാനമൊന്നും കെ എസ് ആര്‍ ടി സിക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല. മിക്ക സമുച്ചയങ്ങളിലും ഭൂരിഭാഗം മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക താഴ്ത്തിയിട്ടും ആളെ കണ്ടെത്താന്‍ കോര്‍പറേഷനായിട്ടില്ല.        
Posted on: February 20, 2018 6:48 am | Last updated: February 19, 2018 at 11:52 pm

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതിനിടയിലും കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താനായുള്ള സമാന്തര ശ്രമങ്ങളും ഇടവേളകളില്‍ ഉണ്ടായി. കേന്ദ്ര സര്‍ക്കാറിന്റെ സുസ്ഥിര നഗരവികസന പദ്ധതിപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നഗരങ്ങള്‍ക്കായി രൂപവത്കരിച്ച ജന്റം സ്‌കീം വഴി തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്ക് എ സി നോണ്‍ എ സി ബസുകള്‍ അനുവദിച്ചു. ഈ പദ്ധതി തുടര്‍ന്ന് കൊല്ലം, തൃശൂര്‍ നഗരസഭകളിലേക്കും ബാക്കി ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ ഒഴികെ മൊത്തം അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് 12 ജില്ലകളിലേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്തിനായി ഒരു പ്രത്യേക സ്ഥാപനം വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. അതനുസരിച്ചാണ് 2014ല്‍ കെ യു ആര്‍ ടി സി രൂപവത്കരിക്കുന്നത്. 2015ല്‍ കൊച്ചി തേവര ആസ്ഥാനമാക്കി കെ യു ആര്‍ ടി സി ഹബ്ബും രൂപവത്കരിക്കപ്പെട്ടു.

എന്നാല്‍ അടിക്കടി അറ്റകുറ്റപ്പണിയിലാകുന്ന കെ യു ആര്‍ ടി സി ലോഫ്‌ളോര്‍ ബസുകളും ഇന്ന് ബാധ്യതയാവുകയാണ്. കൊച്ചിയിലെ ആസ്ഥാനമന്ദിരത്തില്‍ അറ്റകുറ്റപ്പണിക്കായി നിലവില്‍ അമ്പതില്‍ അധികം ബസുകളാണ് കിടക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ സര്‍ക്കാറിനെ ആശ്രയിക്കുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ കെടുകാര്യസ്ഥതയും സ്വയം നശീകരണവും. ഒരു കോടിയോളം വിലവരുന്ന 50 വോള്‍വോ ലോ ഫ്‌ളോര്‍ ബസുകളാണ് കൊച്ചിയില്‍ തേവരയിലുള്ള ആസ്ഥാനത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് രൂപ ലാഭത്തിലോടിയിരുന്ന ബസുകളാണ് മാസങ്ങളായി തേവരയിലുള്ള യാര്‍ഡില്‍ കിടക്കുന്നത്. പൊട്ടിയ റിയര്‍വ്യൂ മിറര്‍ മാറ്റുന്നതു മുതല്‍ എഞ്ചിന്റെ അറ്റകുറ്റപ്പണി വരെ ചെയ്യാനായി എത്തിയ ബസുകള്‍ ഇനിയും നന്നാക്കി നിരത്തിലിറങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലോഫ്‌ളോര്‍ ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വഹിക്കേണ്ടത് കെ യു ആര്‍ ടി സിയാണ്. അറ്റകുറ്റപ്പണിയിനത്തില്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക വന്നതോടെ ഇനി പണിയേല്‍ക്കാന്‍ പറ്റില്ലെന്നാണ് വാഹന നിര്‍മാതാക്കള്‍ ചുമതലപ്പെടുത്തിയ ഡീലര്‍ അറിയിച്ചിട്ടുള്ളത്. കമ്പനി ഇക്കാര്യം മാസങ്ങള്‍ക്കു മുമ്പേ കോര്‍പറേഷനെ അറിയിച്ചിരുന്നെങ്കിലും ഇന്നും ഈയിനത്തില്‍ കാശൊന്നും കെ യു ആര്‍ ടി സി നല്‍കിയിട്ടില്ല. കോര്‍പറേഷന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ പോലും പണമില്ലാത്ത സാഹചര്യത്തില്‍ കെ യു ആര്‍ ടി സിക്ക് പണം നീക്കിവെക്കാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട.് ഈ സാഹചര്യത്തില്‍ ഇനി ഈ ബസുകള്‍ എന്ന് നിരത്തിലിറങ്ങുമെന്നത് കാത്തിരുന്നു തന്നെ കാണണം. കെ എസ് ആര്‍ ടി സിയുടെ മുഖം മെച്ചപ്പെടുത്താന്‍ ലോ ഫ്‌ളോര്‍ എ സി ബസുകള്‍ ഉപകരിച്ചെങ്കിലും സാമ്പത്തിക മാനേജ്‌മെന്റിന്റെ വീഴ്ച മൂലം കെ യു ആര്‍ ടി സിയും നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ ശക്തിപ്പെടുകയാണ്്.

പാഴായ സ്വപ്‌നമായി
വ്യാപാര സമുച്ചയങ്ങള്‍

കെ എസ് ആര്‍ ടി സിയുടെ നഷ്ടം നികത്താന്‍ അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെ എസ് ആര്‍ ടി സിയുടെ ഭൂമിയില്‍ ബസ് ടെര്‍മിനലിനൊപ്പം വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ഒ ബി ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സി നിര്‍മിക്കുന്ന വ്യാപാര സമുച്ചയത്തില്‍ നിന്നുള്ള ആകെ വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള തുകയുടെ പകുതി കെ എസ് ആര്‍ ടി സിക്ക് നല്‍കണമെന്ന കരാറിലാണ് നിര്‍മാണം നടത്താന്‍ തീരുമാനിച്ചത്. ഈ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് ബസ് സ്‌റ്റേഷനുകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം നിര്‍മിച്ചത്. തിരുവനന്തപുരം തമ്പാനൂരുള്ള സമുച്ചയത്തിന് 81 കോടിയും തിരുവല്ലയിലെ സമുച്ചയത്തിന് 48 കോടിയും അങ്കമാലിയിലെ സമുച്ചയത്തിന് 37.5 കോടിയും കോഴിക്കോട് സമുച്ചയത്തിന് 72 കോടിയും ചെലവായി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഇവിടങ്ങളിലുള്ള വ്യാപാര സമുച്ചയങ്ങള്‍ വാടകക്ക് എടുക്കാന്‍ ആളുകളെത്താത്തതിനാല്‍ ഇതുവരെ കാര്യമായ വരുമാനമൊന്നും കെ എസ് ആര്‍ ടി സിക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. മിക്ക സമുച്ചയങ്ങളിലും ഭൂരിഭാഗം മുറികളും ഒഴിഞ്ഞുകിടക്കുകയാണ്. വലിയ വാടക കൊടുത്ത് എടുത്താല്‍ അതിനുള്ള വരുമാനം ഇവിടങ്ങളില്‍ നിന്ന് ലഭിക്കില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക താഴ്ത്തിയിട്ടും ആളെ കണ്ടെത്താന്‍ കോര്‍പറേഷനായിട്ടില്ല. തിരുവനന്തപുരത്തും തിരുവല്ലയിലും അങ്കമാലിയിലുമായി ആകെ 1,60,330 ചതുരശ്ര അടി സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്.

വാടകയിനത്തില്‍ ഓരോ സമുച്ചയത്തില്‍ നിന്നും അരക്കോടി രൂപ പ്രതീക്ഷിച്ചിരുന്ന സ്ഥലത്താണ് വ്യാപാരയോഗ്യമായ മുറികള്‍ സംസ്ഥാനത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലം വാടകക്ക് കൊടുത്തതല്ലാതെ വ്യാപാര കേന്ദ്രമൊന്നും ആരംഭിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്ത് നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളോട് ചേര്‍ന്ന് നിര്‍മിച്ച ചെറുകിട വാണിജ്യ കേന്ദ്രങ്ങള്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ചെറിയ ആശ്വാസം.

കരകയറാന്‍ ബേങ്കുകളുടെ
കണ്‍സോര്‍ഷ്യം

വായ്പയെടുത്ത് വായ്പയെടുത്ത് കടക്കെണിയിലായപ്പോഴാണ് അത് കൊടുത്തു തീര്‍ക്കാനായി ബേങ്കുകളുടെ കണ്‍സോര്‍ഷ്യം എന്ന ആശയത്തിലേക്ക് കോര്‍പറേഷന്‍ എത്തിച്ചേര്‍ന്നത്. കെ ടി ഡി എഫ് സിയില്‍ നിന്ന് വാങ്ങിയ വായ്പ കൊടുത്തു തീര്‍ക്കാനാണ് പ്രധാനമായി ബേങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പയെടുക്കാന്‍ തുടങ്ങിയത്. നിലവിലുള്ള ഉയര്‍ന്ന പലിശ നിരക്കിലുള്ള ഹ്രസ്വകാല വായ്പകള്‍ക്ക് പകരം കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കുറഞ്ഞ പലിശനിരക്കിലുള്ള ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കി കടബാധ്യത തിരിച്ചടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് നിലവിലുള്ളത്. കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള വായ്പകള്‍ ലഭ്യമാകുന്നതോടെ വായ്പയുടെ പലിശയിനത്തില്‍ പ്രതിമാസം കോടികള്‍ ലാഭിക്കാനാകുമെന്ന പ്രതീക്ഷയാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. എന്നാല്‍, കടമെടുത്ത തുക പെന്‍ഷനും ശമ്പളത്തിനും പ്രതിദിനച്ചെലവുകള്‍ക്കുമായി മാറ്റിവെക്കേണ്ട അവസ്ഥയില്‍ കണക്കു കൂട്ടലുകള്‍ എല്ലാ മാസവും യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലെന്ന ആശങ്കയാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും പെന്‍ഷന്‍ ബാധ്യത കൊടുത്തു തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ സഹകരണ ബേങ്കുകളുടെ സഹകരണത്തോടെ പെന്‍ഷന്‍ ബാധ്യത കൊടുത്തു തീര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹകരണ ബേങ്കുകളുടെ കൂട്ടായ്മയില്‍ നിന്നെടുക്കുന്ന തുക ആറു മാസത്തിനകം കൊടുത്തു തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. ഇതിന്റെ തിരിച്ചടവിനായി ബജറ്റില്‍ കെ എസ് ആര്‍ ടി സിക്കായി പ്രഖ്യാപിച്ച 1000 കോടി രൂപ വിനിയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്നത്? ഇതെക്കുറിച്ച് നാളെ.