ഫാസിസത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിംകളും ദളിതരും ഒന്നിക്കണം: ഡോ. പ്രകാശ് അംബേദ്ക്കര്‍

Posted on: February 18, 2018 12:38 pm | Last updated: February 18, 2018 at 12:38 pm
SHARE

മലപ്പുറം: ഫാസിസത്തിനെതിരെ പോരാടാന്‍ മുസ്്‌ലിംകള്‍ക്കൊപ്പം ദളിതര്‍ കൈകോര്‍ക്കുകയും നേതൃത്വം നല്‍കുകയും ചെയ്യണമെന്ന് ബാരിപ്പ ബഹുജന്‍ മഹാസംഘ് ദേശീയ പ്രസിഡന്റും ഡോ. ബി ആര്‍ അംബേദ്ക്കറിന്റെ പേരമകനുമായ അഡ്വ. പ്രകാശ് അംബേദ്ക്കര്‍ .

പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (പിറ്റ്‌സ) സംഘടിപ്പിച്ച ദളിത് മുസ്‌ലിം സാഹോദര്യം അതിജീവനം സംസ്‌കാരം രാഷ്ട്രീയം ദ്വിദിന ദേശീയ സെമിനാര്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തില്‍ ജനങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ പുതിയ കാലത്ത് നടക്കുന്നു. പഴയ ജാതിയതയും തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തി ഭരണഘടന തങ്ങള്‍ കരുതുന്ന ഇന്ത്യന്‍ സംസ്‌കാരത്തിലേക്ക് മാറ്റാനാണ് നീക്കം. ഇപ്പോഴത്തേത് പടിഞ്ഞാറന്‍ ഭരണഘടനയാണെന്നാണ് അവരുടെ പക്ഷം. ദളിതരും മുസ്‌ലിംകളും പോരാടേണ്ടത് ഇന്ത്യന്‍ സംസ്‌കാരമെന്ന പേരില്‍ അവര്‍ അവതരിപ്പിക്കുന്ന ബ്രാഹ്മണിസത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബശീര്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. കെ കെ കൊച്ച്, കെ കുട്ടി അഹമ്മദ് കുട്ടി, ശ്രീരാഗ് പൊയ്ക്കാടന്‍, ആശിഖ് റസൂല്‍ സംസാരിച്ചു.

ഡോ. കെ പി ഫൈസല്‍ മാരിയാട് സ്വാഗതവും കെ ലുഖ്മാനുല്‍ ഹക്കീം നന്ദിയും പറഞ്ഞു. ഭൂമി വിഭവം അതിജീവനം സെഷനില്‍ എയ്ഡഡ്് മേഖല സംവരണ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഒ പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി കെ സജീവന്‍, എം ആര്‍ സുദേഷ്, ഡോ. ടി മുഹമ്മദലി, മായ പ്രമോദ് സംസാരിച്ചു. ഷാഹിന മോള്‍ എ കെ സ്വാഗതവും ഷഹദ് ബിന്‍ അലി നന്ദിയും പറഞ്ഞു. ഇന്ന് സാഹിത്യം സംസ്‌കാര ആത്മീയത ഫെമിനിസം, ദളിത് മുസ്‌ലിം ഐക്യത്തിന്റെ രാഷ്ട്രീയ മാനം എന്നീ സെഷനുകള്‍ നടക്കും.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here