സൗഹൃദത്തിന്റെ നിലം, വളമായി സ്‌നേഹം, വിളകള്‍ക്ക് നൂറുമേനി

അല്‍ റഹബ
Posted on: February 17, 2018 8:22 pm | Last updated: February 17, 2018 at 8:22 pm

സുഹൃദം നിറവ് പകര്‍ന്ന മണ്ണില്‍ സ്‌നേഹം ചാലിച്ച് വിളയിച്ചെടുത്തത് നൂറുമേനി കാര്‍ഷിക വിളകള്‍. മരുഭൂമിയുടെ ഊഷരതയില്‍ മലയാളികളായ സുഹൃത്തുക്കള്‍ ആറ് പേര്‍ ചേര്‍ന്നാണ് പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷി ആരംഭിച്ചത്. സീറോ ബജറ്റ് ഫാമിംഗ് പ്രകാരം പച്ചക്കറി കൃഷി ആരംഭിക്കുക എന്ന ആശയവുമായാണ് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ ഒന്നിച്ചു കൃഷിയിറക്കിയത്. പച്ചക്കറികള്‍ക്ക് വേണ്ട നിലമൊരുക്കുക എന്നതായിരുന്നു ആദ്യ ആശയമെങ്കിലും സ്ഥലമേറ്റെടുത്തു പ്രവര്‍ത്തികള്‍ ആരംഭിച്ചതോടെ മീന്‍ കൃഷിക്കും തുടക്കം കുറിക്കുകയായിരുന്നുവെന്ന് സംഘത്തിലെ കോര്‍ഡിനേറ്ററും ഐ ടി എഞ്ചിനിയറുമായ ഷനൂജ് പറഞ്ഞു. അക്വാ പോണിക് സംവിധാനം, ഓര്‍ഗാനിക് ഫാമിംഗ് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ഇവരുടെ കൃഷിരീതി.

പ്രവാസികള്‍ക്കിടയില്‍ കൃഷി ശീലം വളര്‍ത്തുന്നതിനും പുതു തലമുറക്ക് മണ്ണിനെയും കൃഷി രീതിയും വിളകളുടെ വൈവിധ്യവും കൂടുതല്‍ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗഹൃദ സംഘത്തിന്റെ കൃഷി. ബ്രോക്കോളി, ക്യാബേജ്, തക്കാളി, കാരറ്റ്, പച്ച മുളക്, പാവക്ക, ചോളം തുടങ്ങി ഒട്ടനവധി വിളകള്‍ നൂറുമേനിയിലാണ് കഴിഞ്ഞ ദിവസം കൃഷി സ്ഥലത്തു നടന്ന വിളവെടുപ്പില്‍ ലഭിച്ചത്.

അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ജൈവീകമായ രീതിയില്‍ കേരളത്തില്‍ വയനാട്ടില്‍ അഞ്ച് ഏക്കറില്‍ സംഘത്തിലെ ചിലര്‍ ചേര്‍ന്ന് കൃഷി ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണിത്. നാട്ടില്‍ ഇത്തരത്തില്‍ ഓര്‍ഗാനിക്ക് കൃഷി ആരംഭിക്കണമെന്ന് താല്പര്യമുള്ളവര്‍ക്കും സംഘത്തിന്റെ നേതൃത്വത്തില്‍ പരിശീലനവും കൃഷിക്ക് വേണ്ട സാഹചര്യമൊരുക്കുന്നതിനുള്ള സഹായവും ചെയ്തു വരുന്നുണ്ട്.

വിഷാംശമുള്ള പച്ചക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന രോഗങ്ങള്‍ക്ക് പ്രതിരോധമെന്ന നിലയില്‍ വിഷരഹിത പച്ചക്കറി ശീലമാക്കി മെച്ചപ്പെട്ട ജീവിതരീതി ഒരുക്കിയെടുക്കുക എന്ന ആശയം പ്രവാസ ലോകത്തും പ്രാവര്‍ത്തികമാക്കി പ്രവാസി സമൂഹത്തിന് രോഗ മുക്തമായ ജീവിതരീതി സാധിച്ചെടുക്കുക എന്നതും സംഘം ലക്ഷ്യമിടുന്നു. തങ്ങളുടെ മാതൃകയില്‍ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് എത്തുകയും സമ്പന്നമായ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും ആഗ്രഹിക്കുന്നതായി സംഘാംഗങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് കൃഷി ചെയ്തെടുക്കുന്ന വിളകള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചെടുത്ത് കമ്പോളത്തില്‍ എത്തിക്കുന്നതിനും തങ്ങള്‍ ലക്ഷ്യമിടുന്നു. കര്‍ഷകരുടെയും ഉപഭോക്താവിന്റെയും ഇടയില്‍ ഇടനിലക്കാരെ ഒഴിവാക്കി ഉപയോക്താവിന്റെ ആവശ്യപ്രകാരം കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് വീടുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് സോള്‍ ആന്‍ഡ് സോയില്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. ജിതേന്ദ്രന്‍, യദീഷ്, ഖാലിദ്, ഫൈസല്‍, ഷെരീഫ് എന്നിവരാണ് കൂട്ടായ്മയിലെ മറ്റ് അംഗങ്ങള്‍. ജൈവീക കൃഷി സംസ്‌കാരം കൂടുതല്‍ പ്രചാരണം ലക്ഷ്യമിടുന്ന സംഘം തങ്ങളുടെ കൃഷിയിടത്തിലേക്ക് കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന പ്രവാസി സമൂഹത്തെ നൂതനവും ചെലവ് കുറഞ്ഞതുമായ കാര്‍ഷിക രീതികള്‍ അടുത്തറിയുന്നതിന് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.