Connect with us

National

കാവേരി വിധി: കര്‍ണാടകക്ക് കൂടുതല്‍ ജലം; തമിഴ്‌നാടിന് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് കേരളവും തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു.
പുതിയ വിധിയില്‍ തമിഴ്‌നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കര്‍ണാടകക്ക് കൂടുതല്‍ ജലം അനുവദിച്ചു. 14.75 ടിഎംസി അധികജലമാണ് കര്‍ണാടകക്ക് അനുവദിച്ചത്. ഇതോടെ തമിഴ്‌നാടിന്റെ വിഹിതം 419 ടിഎംസിയില്‍നിന്ന് 404.25 ടിഎംസിയായി കുറയും. കേരളത്തിന് മുപ്പതും പുതുച്ചേരിക്ക് ഏഴും ടിഎംസി ജലം ഉപയോഗിക്കാം. 99.8 ടിഎംസി വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി.

കാവേരിജല തര്‍ക്കപരിഹാര െ്രെടബ്യൂണലിന്റെ വിധിയില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതിയുടെ വിധി. 15 വര്‍ഷത്തേക്കാണ് വിധി. ആവശ്യമെങ്കില്‍ വിധി പിന്നീട് പുനഃപരിശോധിക്കും. സുപ്രീം കോടതി വിധിയോടെ കര്‍ണാടക തമിഴ്‌നാടിന് ഇതുവരെ നല്‍കിയ ജലത്തിന്റെ അളവ് 192 ടിഎംസി ആയിരുന്നത് 177.25 ടിഎംസിയായി കുറയും. കര്‍ണാടകത്തിന്റെ വിഹിതം 270 ടിഎംസി എന്നത് 284.25 ടിഎംസിയായി ഉയരും. ബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം വര്‍ധിച്ചത് കൂടി കണക്കിലെടുത്താണ് കര്‍ണാടകയുടെ വിഹിതം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിധി.

വിഹിതം വര്‍ധിപ്പിച്ച സുപ്രീം കോടതി ഉത്തരവ് കര്‍ണാടക സ്വാഗതം ചെയ്തപ്പോള്‍, തമിഴ്‌നാട് പ്രതിഷേധത്തിലാണ്. അധികജലം ലഭ്യമാക്കിയ സുപ്രീം കോടതി വിധി പുറത്തുവന്നതോടെ കര്‍ണാടക നിയമസഭയില്‍ ആവേശമായി. രാഷ്ട്രീയ കക്ഷിഭേദമന്യേ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചും എംഎല്‍എമാര്‍ സന്തോഷം പങ്കിട്ടു.

Latest