മന്‍മോഹന്‍ സിങ്ങിനെ അപമാനിച്ചിട്ടില്ലെന്ന് ബിജെപി

Posted on: December 27, 2017 3:07 pm | Last updated: December 27, 2017 at 8:52 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി – കോണ്‍ഗ്രസ് പരസ്പര ഏറ്റുമുട്ടലിന് താല്‍കാലിക വിരാമം. ഇരുവിഭാഗവും പാര്‍ലമെന്റില്‍ സമവായ പ്രസ്താവന നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ മനഃപ്പൂര്‍വം അപമാനിക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ലെന്ന് ധനമന്ത്രി മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ഇത്തരത്തിലുള്ള ധാരണകള്‍ തെറ്റാണ്. ഈ നേതാക്കളോടും അവര്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങള്‍ക്കുള്ളതെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയുടെ വിശദീകരണം അംഗീകരച്ച പ്രതിപക്ഷം, നിലപാടില്‍ നന്ദി പറയുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയുമായി പാര്‍ട്ടിക്കു ബന്ധമില്ല. ഭാവിയില്‍ അത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ലെന്നു ഗുലാം നബി ആസാദ് പറഞ്ഞു.