Connect with us

Gulf

യു എ ഇയില്‍ പെയ്തത് കൃത്രിമ മഴയെന്ന്

Published

|

Last Updated

ദുബൈ: യു എ ഇയില്‍ പെയ്തത് കൃത്രിമ മഴയായിരുന്നെന്ന് വെളിപ്പെടുത്തല്‍. ക്ലൗഡ് സീഡിംഗ് വഴിയാണ് മഴ പെയ്യിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതാണിത്. നാല് ദിവസമായി 16 തവണയാണ് കൃത്രിമമായി മഴപെയ്യിക്കാന്‍ശ്രമം നടത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 15നും 18നും ഇടയിലായിരുന്നു ഇത്. മലമ്പ്രദേശത്ത് മേഘങ്ങള്‍ രൂപപ്പെടുമ്പോഴായിരുന്നു ദൗത്യം നടത്തിയിരുന്നത്. യു എ ഇക്ക് മുകളില്‍ മഴമേഘങ്ങള്‍ എത്തിയെന്ന് റഡാറുകള്‍ വഴി ഉറപ്പാക്കിയിരുന്നു. രാജ്യത്ത് പെയ്ത മഴയില്‍ 20 ശതമാനം വര്‍ധനയുണ്ടാക്കാന്‍ ഇത്‌വഴി കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഫുജൈറ വിമാനത്താവളത്തിലടക്കം രാജ്യത്ത് അഞ്ചിടത്ത് 10 സെന്റീമീറ്ററിലധികം മഴ കിട്ടി. അല്‍ ഐന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഞ്ച് വിമാനങ്ങള്‍ ഈ വര്‍ഷം ഇതുവരെ 241 തവണ മഴ പെയ്യിക്കല്‍ യജ്ഞം നടത്തിയിട്ടുണ്ട്.

മേഘപാളികളിലേക്ക് ഉപ്പ് പരലുകള്‍ വിതറുകയാണ് വിമാനങ്ങള്‍ ചെയ്യുന്നത്. മേഘം രൂപപ്പെട്ടു തുടങ്ങുന്നതോടെ വിമാനവും വൈമാനികനും സജ്ജമാകാനുള്ള നിര്‍ദേശം എന്‍ സി എം നല്‍കും. ഏത് പ്രദേശത്താണ് മഴ പെയ്യിക്കേണ്ടതെന്നും വ്യക്തമാക്കും. ഇവിടെ എത്തുമ്പോള്‍ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മേഘത്തിനിടയിലേക്ക് ഉപ്പ് പരലുകള്‍ നിറയൊഴിക്കും. ഇവ ജ്വലിക്കുമ്പോള്‍ മേഘത്തിനുള്ളിലെ ഈര്‍പ്പം മഴയായി പെയ്യുകയാണ് ചെയ്യുന്നത്.

1990ലാണ് യു എ ഇ കൃത്രിമമഴ ആദ്യം പെയ്യിക്കുന്നത്. ഈ വര്‍ഷം ആദ്യവും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

സ്വഭാവിക ഉപ്പ് മാത്രമാണ് കൃത്രിമമഴക്ക് ഉപയോഗിക്കുന്നതെന്നും അത് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ദോഷകരമല്ലെന്നും എന്‍ സി എമ്മിലെ ഡോ. അഹ്മദ് ഹുബൈബ് പറഞ്ഞു.

 

 

Latest