കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ അടുത്ത മാസം

Posted on: December 23, 2017 6:13 pm | Last updated: December 23, 2017 at 7:51 pm

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ അടുത്ത മാസം നടക്കും. വിമാനത്താവളത്തിന്റെ എയര്‍ സൈഡ്, സിറ്റി സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. അടുത്ത വര്‍ഷം സെപ്റ്റംബറോട് കൂടി വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുവാന്‍ സാധിക്കും. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോട് കൂടി വര്‍ഷം പതിനഞ്ച് ലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്. റണ്‍വേയുടെ നിര്‍മാണം 3050 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോഡ് E ഗണത്തില്‍ പെടുന്ന ബോയിങ്ങ് B-777, എയര്‍ബസ് A-330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്പന. ഭാവിയില്‍ ഇത് എയര്‍ബസ് A-380 പോലെയുള്ള കോഡ് F ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.