Connect with us

International

ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 6,700 റോഹിംഗ്യകള്‍

Published

|

Last Updated

ധാക്ക: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രൂരമായ വംശീയ ഉന്മൂലനം നടക്കുന്ന മ്യാന്മറില്‍ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 6,700 പേര്‍. പതിനായിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ആറ് ലക്ഷത്തിലധികമാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്ത സൈനിക ആക്രമണം ആഗസ്റ്റിലാണ് ആരംഭിച്ചത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് വയസ്സിന് താഴെയുള്ള 730 കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെയും ബുദ്ധസന്യാസികള്‍ നേതൃത്വം നല്‍കുന്ന വര്‍ഗീയ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വംശീയ ആക്രമണത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളുമായ നൂറോളം പേര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന എം എസ് എഫ് എന്ന സന്നദ്ധ സംഘടനയാണ് റോഹിംഗ്യന്‍ കൂട്ടക്കുരുതിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

സൈന്യവും റോഹിംഗ്യകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന മ്യാന്മര്‍ സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നതാണ് എം എസ് എഫ് പുറത്തുവിട്ട വിവരങ്ങള്‍. റോഹിംഗ്യന്‍ മുസ് ലിംകള്‍ക്കെതിരെ റാഖിനെയില്‍ നടക്കുന്ന വംശീയ ആക്രമണം രൂക്ഷമായ ആഗസ്റ്റ് 25നും സെപ്തംബര്‍ 24നും ഇടയില്‍ മാത്രമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം നൂറ് കണക്കിനാളുകള്‍ മ്യാന്മറിലെ വിവിധ ഭാഗങ്ങളില്‍വെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. സൈനിക ആക്രമണത്തില്‍ പരുക്കേറ്റ് ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികളില്‍ പലരും പിന്നീട് മരണപ്പെട്ടിട്ടുണ്ട്. ആഗസ്റ്റിനും സെപ്തംബറിനും ഇടയില്‍ ഒമ്പതിനായിരത്തോളം റോഹിംഗ്യകള്‍ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടര്‍ 6,700 ആണെന്നും എം എസ് എഫ് പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റാഖിനെയില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ രോഗം കൊണ്ടും അപകടത്തില്‍പ്പെട്ടും രണ്ടായിരത്തോളം പേര്‍ മരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും മൃതദേഹങ്ങളില്‍ ബഹുഭൂരിപക്ഷവും കണ്ടെത്താനായിട്ടില്ല. മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ വര്‍ഗീയ വാദികളുടെയും പീഡനം സഹിക്കവയ്യാതെ 6.47 ലക്ഷം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും ഇതിപ്പോഴും തുടരുകയാണെന്നും എം എസ് എഫ് വക്താക്കള്‍ അറിയിച്ചു.

കൃത്യമായ കണക്കുകള്‍ സഹിതമാണ് എം എസ് എഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൈന്യത്തിന്റെയും മറ്റും വെടിയേറ്റ് മരിച്ചവരാണ് ഏറ്റവും കൂടുതല്‍. 69.4 ശതമാനം വരുമിത്. 8.8 ശതമാനം പേരെ ജീവനോടെ തങ്ങളുടെ വീട്ടിലിട്ട് തീവെച്ച് കൊന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലൈംഗിക ആക്രമണത്തെ തുടര്‍ന്ന് 2.6, തടവിലാക്കിയും തട്ടിക്കൊണ്ടുപോയും 0.3, കഴുത്തറുത്ത് 0.2 ശതമാനം പേരെയും കൊന്നൊടുക്കിയിട്ടുണ്ട്. റാഖിനെയില്‍ വ്യാപകമായാണ് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ വീടുകളും നാടും അഗ്നിക്കിരയാക്കിയത്.
റോഹിംഗ്യകള്‍ക്കെതിരെ നടത്തിയ കൂട്ടക്കൊലകളും ബലാത്സംഗങ്ങളും മ്യാന്മര്‍ സൈന്യം പൂര്‍ണമായും നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ തെളിവുകളും കണക്കുകളുമടക്കം എം എസ് എഫ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. റാഖിനെയില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടന്നതെന്നും കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഏറ്റെടുക്കണമെന്നും എം എസ് എഫ് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, രക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമെ റോഹിംഗ്യന്‍ വിഷയം ക്രിമിനല്‍ കോടതിക്ക് ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു. ചൈന മ്യാന്മര്‍ സര്‍ക്കാറിന് പിന്തുണ നല്‍കുന്നത് തുടരുകയാണ്.
റോഹിംഗ്യന്‍ വിഷയത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ വരുന്നത് ഇതാദ്യമായാണ്. അഭയാര്‍ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ നിന്ന് റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള കരാറില്‍ മ്യാന്മര്‍ ഒപ്പുവെച്ചിരുന്നു.
അതിനിടെ, റോഹിംഗ്യന്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മ്യാന്മര്‍ കൗണ്‍സിലറും സമാധാന നോബെല്‍ ജേതാവുമായ ആംഗ് സാംഗ് സൂക്കിക്ക് നല്‍കിയ ഡബ്ലിന്‍ സിറ്റി അവാര്‍ഡ് തിരിച്ചു വാങ്ങാന്‍ തീരുമാനിച്ചു.