അനാഥകളെ സഹായിക്കാന്‍ ഖത്വര്‍ ചാരിറ്റിയുടെ 30 ലക്ഷം റിയാല്‍ പദ്ധതി

Posted on: December 14, 2017 10:31 pm | Last updated: December 14, 2017 at 10:31 pm

ദോഹ: വിവിധ രാജ്യങ്ങളിലെ അനാഥകളും നിരാലംബരുമായ കുട്ടികള്‍ക്ക് തണുപ്പുകാലത്ത് സഹായമെത്തിക്കാന്‍ ഖത്വര്‍ ചാരിറ്റിയുടെ 30 ലക്ഷം റിയാല്‍ പദ്ധതി. ഓര്‍ഫന്‍ ബിലോ സീറോ കാംപയിനിലൂടെ തുര്‍ക്കി, ലബനോന്‍, കിര്‍ഗിസ്ഥാന്‍, ബോസ്‌നിയ, അല്‍ബേനിയ, കൊസോവോ എന്നീ രാജ്യങ്ങളിലെ കുട്ടികളെ സഹായിക്കുന്നതിനാണ് പദ്ധതി. ഇതു രണ്ടാം വര്‍ഷമാണ് ഖത്വര്‍ ചാരിറ്റി കാംപയിന്‍ ആചരിക്കുന്നത്.

തണുപ്പില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് പ്രയാസപ്പെടുന്നവര്‍ക്കാണ് കാംപയിനിലൂടെ സഹായമെത്തിക്കുന്നതെന്ന് ഖത്വര്‍ ചാരിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഫഹൈദ പറഞ്ഞു. പ്രശ്‌നങ്ങളെളെത്തുടര്‍ന്ന് അനാഥകളാക്കപ്പെട്ട നിരവധി പേര്‍ ഈ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഈ വിഭാഗത്തെ സഹായിക്കുന്നതിനായി ശ്രദ്ധ തിരിയുന്നതിനു വേണ്ടിയുള്ള ആശയം കൂടിയാണിത്. അനാഥകള്‍ക്ക് വിന്റര്‍ ബേഗുകള്‍ നല്‍കുന്നതിനാണ് പദ്ധതി. തണുപ്പു വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, ആരോഗ്യദായക മരുന്നുകും ഭക്ഷ്യവസ്തുക്കളും അടങ്ങുന്നതാണ് ബേഗ്. കാംപയിന്‍ വിജയത്തിനായി പൊതുജനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഖത്വര്‍ചാരിറ്റിയുടെ കലക്ഷന്‍ പോയിന്റുകള്‍, വീടുകളിലൂടെയുള്ള സമാഹരണം, മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ മുഖേനയാണ് ധനശേഖരണം നടത്തുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാനാകും. 150000 അനാഥകള്‍ക്ക് അടുത്ത വര്‍ഷം അവസാനത്തോടെ സഹായം എത്തിക്കുന്നതിനുള്ള റൊഫാഖ പദ്ധതിക്കും ഖത്വര്‍ ചാരിറ്റി തുടക്കം കുറിച്ചു.