നൂറു തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മലബാര്‍ ഗോള്‍ഡ് ടിക്കറ്റ് നല്‍കി

Posted on: December 12, 2017 10:24 pm | Last updated: December 12, 2017 at 10:24 pm

അജ്മാന്‍: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും വിമാന ടിക്കറ്റെടുക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട 100 പേര്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അജ്മാന്‍ പോലീസുമായി ചേര്‍ന്ന് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കി.
അജ്മാന്‍ എമിറേറ്റിലെ ജയിലുകളില്‍ നിന്നും മോചിതരായ 100 പേര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ സഹായം നല്‍കിയത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതരായെങ്കിലും നാട്ടിലേക്കുളള വിമാന ടിക്കറ്റെടുക്കാന്‍ പണമില്ലാതെ കുടുങ്ങിക്കിടന്നവര്‍ക്കാണ് ഈ സഹായ ഹസ്തം തുണയായത്. യു എ ഇ പ്രസിഡന്റ്‌ശൈഖ് ഖലീഫ ബി ന്‍ സായിദ് അല്‍ നഹ്‌യാന്‍ 2017 ‘ദാന വര്‍ഷ’മായി പ്രഖ്യാപിച്ചതു മുതല്‍ ഈ മഹത്തായ സന്ദേശത്തിന്റെ പ്രചോദനമുള്‍കൊണ്ട് വിവിധ രംഗങ്ങളില്‍ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി തുടരുകയാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്.

ഇത്തരമൊരു വിശിഷ്ടമായ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ പിന്തുണച്ച അജ്മാന്‍ പോലീസിനും അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിക്കും കൃതജ്ഞത അറിയിക്കുന്നുവെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ്ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ്് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് നാട്ടിലെത്തി സ്വന്തം കുടുംബവുമായി ഒന്നിച്ചുചേരുന്നതിനുളള സഹായമെത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.