അഴിമതിയെക്കുറിച്ച് മിണ്ടുന്നത് പ്രധാനമന്ത്രി നിര്‍ത്തി: രാഹുല്‍

Posted on: December 12, 2017 6:27 pm | Last updated: December 13, 2017 at 7:50 am

അഹമ്മദാബാദ്: അഴിമതിയെ കുറിച്ച് സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിച്ചുവെന്ന് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അഴിമതി എന്ന വാക്ക് പോലും അദ്ദേഹം ഇപ്പോള്‍ പറയുന്നില്ലെന്നും രാഹുല്‍ അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റാഫേല്‍ വിമാന ഇടപാടും അമിത്ഷായുടെ മകന് എതിരായ ആരോപണങ്ങളും വാര്‍ത്തയായതോടെയാണ് മോദി അഴിമതിയെക്കുറിച്ച് മിണ്ടുന്നത് നിര്‍ത്തിയത്. റോഡ്‌ഷോക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജലവിമാനത്തില്‍ മോദി പര്യടനത്തിന് എത്തിയതില്‍ തെറ്റില്ല. എന്നാല്‍ അത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യമായിപ്പോയെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി എന്ത് നല്‍കി എന്നത് പ്രസക്തമാണ്. മോദിയും വിജയ് രൂപാണിയും ചേര്‍ന്ന് നടത്തിയ വികസനം പക്ഷപാതപരമാണ്. അഞ്ചോ പത്തോപേരിലേക്ക് മാത്രമാണ് വികസനം എത്തിയതെന്നും രാഹുല്‍ ആരോപിച്ചു.