പശ്ചിമ മേഖലയില്‍ നിര്‍മാണ രംഗത്ത് കുതിപ്പ്

Posted on: December 11, 2017 5:11 pm | Last updated: December 11, 2017 at 5:11 pm

അബുദാബി: പശ്ചിമ മേഖലയില്‍ നിര്‍മാണ രംഗത്ത് വന്‍ കുതിപ്പ്. ജി സി സി യിലെ നിര്‍മാണ മേഖല ഈ വര്‍ഷം കൈവരിച്ചത് 30 ശതമാനത്തിന്റെ വളര്‍ച്ച. ഇതുവരെ രേഖപ്പെടുത്തിയത് 130 കോടി ദിര്‍ഹം മൂല്യമുള്ള പദ്ധതികളാണെന്നാണ് മീന റിസേര്‍ച് പാര്‍ട്‌ണേഴ്‌സിന്റെ ഏറ്റവും പുതിയ പഠനം.

മേഖലയിലെ രാജ്യങ്ങളുടെ ബജറ്റിനെ താളംതെറ്റിച്ച എണ്ണയുടെ വിലയിടിവ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 100 കോടി ദിര്‍ഹം എന്നതില്‍ നിന്നും പൂര്‍ത്തിയായ പദ്ധതികളുടെ എണ്ണം വര്‍ധിച്ചുവന്ന് പഠനം വ്യക്തമാക്കുന്നു. മേഖലയില്‍ ഏകദേശം 2.6 ട്രില്ലര്‍ മൂല്യമുള്ള പദ്ധതികള്‍ ജി ഡി പി യുടെ 160 ശതമാനത്തിന് തുല്യമാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്കും മറ്റും മതിയായ അവസരങ്ങളാണ് പ്രാദേശിക നിര്‍മാണ വിപണി ഒരുക്കുകയെന്ന് എം ആര്‍ പി യുടെ പഠനം വ്യക്തമാക്കുന്നു.

ഹൈഡ്രോ കാര്‍ബണില്‍ നിന്നും വഴിമാറിക്കൊണ്ട് പ്രമുഖ ജി സി സി രാജ്യങ്ങളിലുണ്ടായ സാമ്പത്തിക വൈവിധ്യ വല്‍കരണമാണ് കുതിപ്പിന് വഴിമരുന്നിട്ടതെന്ന് മീന റിസര്‍ച് പാര്‍ട്‌ണേഴ്‌സ് സി ഇ ഒ ആന്റണി ഹോബിക വ്യക്തമാക്കി. ഗതാഗതം, ഊര്‍ജം, നിര്‍മ്മാണം, ഊര്‍ജ പദ്ധതികളുടെ നിര്‍മാണം പാതിവഴിയിലാണ്. ഇതോടൊപ്പം തന്നെ എണ്ണയില്‍ നിന്നും പുനരുപയോഗ ഉര്‍ജത്തിലേക്കുള്ള മാറ്റവും പ്രധാനമായി. ബദല്‍ ഊര്‍ജോല്‍പാദനം വിപുലീകരിക്കുന്നതിനായി മേഖലയിലെ രാജ്യങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. നിര്‍മാണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഇനിയും തുടരുമെന്നും സ്വകാര്യ മേഖലയുടെ പങ്കും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഹോബിക പറഞ്ഞു.