കുവൈത്ത് ഉച്ചകോടി നിരാശപ്പെടുത്തിയില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ താനി

Posted on: December 9, 2017 8:45 pm | Last updated: December 9, 2017 at 8:45 pm

ദോഹ: കുവൈത്ത് സിറ്റിയില്‍ കഴിഞ്ഞ ദിവസങ്ങളായി നടന്ന ജി സി സി ഉച്ചകോടി നിരാശപ്പെടുത്തിയില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലൂടെ മേഖല കടന്നുപോകുന്ന സാഹചര്യത്തില്‍ ഉച്ചകോടിയുടെ ഉദ്ഘാടനവും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ശ്രമങ്ങളും നേട്ടമായി കണക്കാക്കാം. ഖത്വറിന്റെ പങ്കാളിത്തം ജി സി സി സജീവ സംഘടനയായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതാണ്. അതേസമയം ഉച്ചകോടിയില്‍ കൂടുതല്‍ ഉന്നതതല പങ്കാളിത്തവും വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും ഖത്വര്‍ പ്രതീക്ഷിച്ചിരുന്നു.

അമീര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. കുവൈത്ത് അമീറിന്റെ ശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബഹുമാന്യത കല്‍പ്പിക്കുന്നതിനായി മറ്റു ഭരണത്തലവന്‍മാരും ഉച്ചകോടിയില്‍ പങ്കെടുക്കണമായിരുന്നു. ഖത്വറും ഉപരോധ രാജ്യങ്ങളും തമ്മില്‍ ഇതുവരെയും ആശയവിനിമയം നടന്നിട്ടില്ല. ജി സി സി മേഖലയെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ചില ചര്‍ച്ചകള്‍ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഉന്നതതല പ്രാതിനിധ്യമില്ലാതിരുന്നതുകൊണ്ടുതന്നെ സമീപ ഭാവിയില്‍ വലിയൊരു പുരോഗതി തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ഭരണ തലവന്‍മാര്‍ക്കിടയില്‍ മറ്റു പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവില്‍ തുടര്‍ന്നുവന്ന പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അവസരമായാണ് ഖത്വര്‍ ഉച്ചകോടിയെ കണ്ടത്. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കഴിഞ്ഞ ആറ് മാസമായി കുവൈത്ത് അമീര്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഈ ശ്രമങ്ങളോടെല്ലാം ഖത്വര്‍ സഹകരിക്കുന്നുണ്ട്.

ഖത്വറിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്നെ കരുതുന്നു. ഖത്വറിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് അറബ് ലോകത്തെ ജനങ്ങളും മറ്റുള്ളവരും മനസിലാക്കിയിട്ടുണ്ട്. ഉപരോധരാജ്യങ്ങള്‍ ഖത്വറിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും തെളിവ് ഹാജരാക്കാനായിട്ടില്ല. തെളിവുകള്‍ നല്‍കുന്നതില്‍ ആ രാജ്യങ്ങള്‍ പരാജയപ്പെട്ടതായും വിദേശകാര്യമന്ത്രി വിശദീകരിച്ചു.

സൈനിക സാധ്യത സംബന്ധിച്ച ചോദ്യത്തിന്, പ്രതിസന്ധിയുടെ തുടക്കത്തില്‍ ഏതു സൈനിക നീക്കവും നേരിടാന്‍ സജ്ജമായിരുന്നു. ഉപരോധരാജ്യങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിലയിരുത്തലുകള്‍ പ്രകാരം ആ സമയത്ത് ചിലപ്പോള്‍ നടന്നേക്കാമായിരുന്നു. അതിനുശേഷം ഇത്രയും സമയംകടന്നുപോയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും തങ്ങള്‍ കാണുന്നില്ലെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

അംഗങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ കാരണം ജി സി സിയുടെ ഐക്യം അപകടഭീഷണിയിലാണ്. സഹകരണത്തില്‍ നിന്നും ഐക്യത്തിലേക്ക് മാറ്റണമെന്നത് ജി സി സിയില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്നതാണ്. ഈ വിഷയം കഴിഞ്ഞ ഉച്ചകോടിയുടെ കമ്യൂണിക്കെയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജി സി സിയുടെ ഭാവിയെക്കുറിച്ച് അവ്യക്തതയുണ്ടെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി ചൂണ്ടിക്കാട്ടി.