Connect with us

Gulf

പാരസെറ്റമോള്‍ ഹാസ്‌കോ ബി 500 യു എ ഇ വിപണിയില്‍ ഇല്ലെന്ന്  ആരോഗ്ര്യ മന്ത്രാലയം

Published

|

Last Updated

ദുബൈ: ഉപയോഗിച്ചാല്‍ മാരക രോഗങ്ങള്‍ വരെ ഉണ്ടാക്കുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന പാരസെറ്റമോള്‍ ഹാസ്‌കോ ബി 500 യു എ ഇയില്‍ വിപണിയില്‍ ഇല്ലെന്ന് യു എ ഇ ആരോഗ്ര്യ മന്ത്രാലയം. ഈ മരുന്ന് യു എ ഇയില്‍ വിപണനം നടത്തുന്നതും ഉപയോഗിക്കുന്നതും മന്ത്രാലയം തടഞ്ഞിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുന്നതിന് ഹേതുവാകുന്ന വൈറസ് ബാധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. പാരസെറ്റമോള്‍ ഹസ്‌കോ ബി500 രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ലൈസന്‍സില്ലാത്ത മരുന്നുകള്‍ രാജ്യത്തെ ഫര്‍മസികളില്‍ വില്‍ക്കുന്നുണ്ടെന്ന വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അറബ് ലീഗിന് കീഴിലെ ആരോഗ്യ സുരക്ഷാ വിഭാഗത്തില്‍ നിന്ന് ഇത്തരം മരുന്നുകളെ കുറിചുള്ള ആരോഗ്യ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും മരുന്നുകള്‍ ഉപയോഗിച്ചാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സസ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിരി പറഞ്ഞു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. വ്യാജ വാര്‍ത്തകളില്‍ കുരുങ്ങി രാജ്യത്തെ ജനങ്ങളില്‍ ആശങ്ക ഉദിക്കും. രാജ്യത്തെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നതിനും ഇത്തരം വാര്‍ത്തകളിലൂടെ വഴിയൊരുക്കും. ലൈസന്‍സ് ഇല്ലാത്ത മരുന്നുകള്‍ രാജ്യത്തെ ഫര്‍മാസികളില്‍ വിറ്റഴിക്കുന്നെണ്ടന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു എ ഇയില്‍ ഈ മരുന്നിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 800 11111 എന്നതിലോ തമാനി സേവനം ഉപയോഗിച്ച് രാജ്യത്തെ എല്ലാ ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധപ്പെട്ടോ വിവരങ്ങള്‍ നല്‍കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

 

Latest