ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി താജ്മഹല്‍

Posted on: December 8, 2017 10:36 am | Last updated: December 8, 2017 at 10:36 am

ന്യൂയോര്‍ക്ക്: ഒരിക്കല്‍ കൂടി ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി താജ്മഹല്‍. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങളില്‍ ലോകസഞ്ചാരികള്‍ തിരഞ്ഞെടുത്ത രണ്ടാമത്തെ മികച്ച ഇടമായി താജ്മഹല്‍ മാറി. താജ്മഹലിനെ കുറിച്ച് രാജ്യത്ത് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സര്‍വേ ഫലം പുറത്തുവന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ്പ് അഡൈ്വസര്‍ നടത്തിയ പുതിയ സര്‍വേയിലാണ് താജ്മഹലിന് രണ്ടാം സ്ഥാനം ലഭിച്ചത്. കമ്പോഡിയയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായ അങ്കോര്‍ വത്തിനാണ് ഒന്നാം സ്ഥാനം.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ക്ക് സഞ്ചാരികള്‍ നല്‍കിയിട്ടുള്ള വോട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനനിര്‍ണയം നടത്തിയിട്ടുള്ളത്. ചൈനയിലെ വന്‍ മതില്‍, ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലെ മാച്ചു പിച്ചു, ബ്രസീലിലെ ഇഗാസു ദേശീയ പാര്‍ക്ക്, ഇറ്റലിയിലെ സാസി ഓഫ് മാറ്ററ, ജറുസലം, തുര്‍ക്കിയിലെ ഇസ്താംബൂള്‍ തുടങ്ങിയവയും ട്രിപ്പ് അഡൈ്വസര്‍ റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. താജ്മഹലുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.