ഖത്വര്‍ ജയിലില്‍ കഴിയുന്നത് 210 ഇന്ത്യക്കാര്‍

Posted on: December 4, 2017 11:02 pm | Last updated: December 4, 2017 at 11:02 pm

ദോഹ: ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ 210 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രത്തില്‍ 86 ഇന്ത്യക്കാരുമുണ്ട്. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപണ്‍ ഹൗസിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നവംബര്‍ മാസത്തിലേതാണ് കണക്ക്. ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കാനായി എംബസി പ്രതിനിധിസംഘം ഇരുസ്ഥലങ്ങളും സന്ദര്‍ശിച്ചതായും എംബസി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ നടത്തിയ പതിനൊന്ന് ഓപണ്‍ ഫോറങ്ങളിലായി ലഭിച്ച അറുപത് പരാതികളില്‍ 44 എണ്ണം പരിഹരിച്ചു. പതിനാറു പരാതികളുടെമേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാനായി 88 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും നവംബറില്‍ വിതരണം ചെയ്തു. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 17 പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി.
നവംബറില്‍ സല്‍വ, മിസൈഈദ്, അല്‍ഖോര്‍, ദുഖാന്‍, സിക്രീത്ത് എന്നിവിടങ്ങളിലായി നാല് കോണ്‍സുലാര്‍ ക്യാംപുകള്‍ നടത്തി. 254 കോണ്‍സുലാര്‍ സേവനങ്ങളാണ് ക്യാംപുകളിലൂടെ നല്‍കിയത്. ഇന്ത്യന്‍ എംബസിയുടെ അപെക്സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു.

അംബാസിഡര്‍ പി കുമരന്റെ സാന്നിധ്യത്തില്‍ നടന്ന ഓപണ്‍ ഹൗസുകളില്‍ തൊഴിലാളികള്‍ നേരിട്ടാണ് പരാതികള്‍ നല്‍കിയത്.
ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ സ്ഥാനപതിയെ കൂടാതെ തേഡ് സെക്രട്ടറി എം അലീം, ഐ സി ബി എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ, ഉപദേശക സമിതി ചെയര്‍മാന്‍ കരിം അബ്ദുല്ല, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.