Connect with us

Kerala

UPDATES: രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു; ഭീതിയൊഴിയാതെ തീരം

Published

|

Last Updated

തിരുവനന്തപുരം: ഓഖ ചുഴലി വന്‍ നാശം വിതച്ച തെക്കന്‍ ജില്ലകളിലെ കടലോര പ്രദേശങ്ങളില്‍ ഭീതിയൊഴിഞ്ഞില്ല. കടലില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റി, സില്‍വര്‍ ദാസന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ 214 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം 91 പേരെക്കൂടി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വിഴിഞ്ഞത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. 60 പേര്‍ ജപ്പാന്റെ കപ്പലിലും 31 പേര്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലിലുമാണ് വരുന്നത്. കപ്പല്‍ചാല്‍ വഴി കടന്നു പോയ ജാപ്പനീസ് കപ്പലും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. മര്‍ച്ചന്റ് നേവി കപ്പലുകളുടെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിനെ ബന്ധപ്പെട്ടിരുന്നു.

കേരള തീരത്ത് ഭീന്‍ തിരമാലക്ക് സാധ്യത

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു

ശക്തമായ മഴയിലും കാറ്റിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്. കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും മറ്റു ജീവനക്കാരേയും വിന്യസിച്ച് അത്യാഹിത വിഭാഗം സുസജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഐ.സി.യു. വില്‍ 2 കിടക്കകള്‍ ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ദുരിതത്തില്‍ പെട്ടു വരുന്നവകര്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

9 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള പൂന്തുറ സ്വദേശി മൈക്കിളിനെ (42) ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. കൈയ്ക്ക് ഒടിവു പറ്റിയ പുത്തന്‍തോപ്പ് സ്വദേശിനി ബിയാട്രിസ് (58), അഞ്ചുതെങ്ങ് കടല്‍ത്തീരത്തു നിന്നും കണ്ടെത്തിയ ചിന്നത്തുറ തമിഴ്നാട് സ്വദേശി കാര്‍ലോസ് (65) എന്നിവരെ കുറച്ച് മുമ്പ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.