രാത്രി വനിതാ ഹോസ്റ്റലിന് മുന്നില്‍ എസ്‌ഐ; കാരണമാരാഞ്ഞ 16കാരന് കൂര മര്‍ദനം

Posted on: October 28, 2017 1:30 pm | Last updated: October 28, 2017 at 1:30 pm

കോഴിക്കോട്: അസമയത്ത് വനിതാ ഹോസ്റ്റലിനുമുന്നില്‍ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂര മര്‍ദനം. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകന്‍ അജയ്ക്കാണ് പരുക്കേറ്റത്. മെഡിക്കല്‍ കോളജ് എസ്‌ഐ ഹബീബുല്ലയാണ് കുട്ടിയെ ആക്രമിച്ചത്. കഴുത്തിനും പല്ലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റ അജയ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. രാത്രി വനിതാ ഹോസ്റ്റലിന് മുന്നില്‍ എസ്‌ഐ നില്‍ക്കുന്നത് കണ്ട് കാരണമന്വേഷിച്ച പുരുഷോത്തമനെ എസ്‌ഐ മര്‍ദിച്ചു. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് അവിടെ എത്തിയ മകന്‍ അജയ്‌യേും ഇയാള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ അവിടെ നിന്നും പോകുകയും ചെയ്തു. ഇതേക്കുറിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

എന്നാല്‍, പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലില്‍ എത്തിയതെന്നാണ് എസ്.ഐയുടെ വിശദീകരണം. സംഭവത്തെ കുറിച്ച് ഡി.ജി.പി കോഴിക്കോട് കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ട്.