അഹമ്മദ് പട്ടേലിന് ഐഎസ് ബന്ധമെന്ന്; രാജി ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി

Posted on: October 28, 2017 10:41 am | Last updated: October 28, 2017 at 5:23 pm

ഗാന്ധിനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. പട്ടേല്‍ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ ഐഎസ് ബന്ധത്തിന് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് രൂപാണിയുടെ ആവശ്യം. പട്ടേലിന് ഐഎസുമായി ബന്ധമുണ്ടെന്നും രൂപാണി ആരോപിച്ചു.

ഗുജറാത്തില്‍വെച്ച് അടുത്തിടെ രണ്ട് പേരെ ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാളായ കാസിം സ്റ്റിംബര്‍വാല എന്നയാള്‍ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ അങ്ക്‌ലേശ്വറിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.

അതേസമയം, രൂപാണിയുടെ ആരോപണങ്ങള്‍ അഹമ്മദ് പട്ടേല്‍ തള്ളി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും സമാധാനം ആഗ്രഹിക്കുന്ന ഗുജറാത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.