Connect with us

Gulf

ഖത്വറില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന സംവിധാനം വരുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ സഅദ് അല്‍ ജഫാലി അറിയിച്ചു. പ്രവാസികള്‍ക്ക് പര്യാപ്തമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അന്തസ്സുള്ള ജീവിതം നയിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതിനാണ് സര്‍ക്കാറിന്റെ നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായും നയതന്ത്ര പ്രതിനിധികളുമായും ദോഹയില്‍ നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചതെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി (ക്യു എന്‍ എ) റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളുടെ അവകാശങ്ങളെ പിന്തുണച്ച് മറ്റ് പദ്ധതികളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. തൊഴില്‍ സഹായ ഫണ്ട് സ്ഥാപനം ഇതില്‍ പ്രധാനമാണ്. ഏതെങ്കിലും കാരണത്താല്‍ തൊഴിലുടമക്ക് കൃത്യസമയത്ത് വേതനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് കുടിശ്ശിക ലഭ്യമാക്കാനുള്ള സംവിധാനമാണ് ഈ ഫണ്ട്. ഈ പദ്ധതി നിയമനിര്‍മാണ ഘട്ടത്തിലാണ്.

രാജ്യം നേരത്തെ നടപ്പാക്കിയ വേതനമുറപ്പ് സംവിധാന (ഡബ്ല്യു പി എസ്)ത്തിന്റെ ഗുണഭോക്താക്കള്‍ 24.7 ലക്ഷം പ്രവാസികളാണ്. ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 49389 ആണ്. തൊഴിലാളികളുടെ വേതനം ബേങ്ക് അക്കൗണ്ടുകളിലൂടെ നല്‍കുന്ന സംവിധാനമാണ് ഡബ്ല്യു പി എസ്. തൊഴിലാളിക്ഷേമത്തിനായി ഖത്വര്‍ നടത്തുന്ന പദ്ധതികളില്‍ പ്രധാനമപ്പെട്ടതായിരുന്നു 2015ല്‍ കൊണ്ടുവന്ന ഈ നിയമം. വേതനം നല്‍കാത്ത കമ്പനികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷയാണ് നല്‍കുന്നത്.

രാജ്യത്തേക്ക് വരുന്നതിന് മുമ്പ് പ്രവാസികള്‍ക്ക് അടിസ്ഥാന നിയമ സംരക്ഷണം നല്‍കുന്നതിന് വിവിധ രാജ്യങ്ങളുമായി 36 കരാറുകളും അഞ്ച് ധാരണാപത്രങ്ങളും ഖത്വര്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രവാസികളുടെ പ്രവേശനം, പുറത്തുപോകല്‍, താമസം എന്നിവയുമായി ബന്ധപ്പെട്ട് 2015ല്‍ കൊണ്ടുവന്ന നിയമം രാജ്യത്തിന്റെ തൊഴിലാളിക്ഷേമത്തില്‍ പൊന്‍തൂവലായിരുന്നു. തൊഴിലുടമയെ മാറ്റുന്നതിനും രാജ്യം വിടാനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണിത്. ഈ വര്‍ഷത്തെ വീട്ടുജോലിക്കാരെ സംബന്ധിച്ച നിയമവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. വീട്ടുജോലിക്കാര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതും തൊഴിലാളിയും തൊഴിലുടമയുമായുള്ള നിയമബന്ധം നിയന്ത്രിക്കുന്നതുമാണ് ഈ നിയമം. തൊഴിലാളികളുടെ നിയമ നടപടിക്രമം ലളിതമാക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും സ്വീകരിച്ച നടപടിക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.