Connect with us

Gulf

'എ ഡേ വിതൗട്ട് സര്‍വീസ് സെന്റര്‍' കാമ്പയിനിന് വന്‍ പ്രതികരണം

Published

|

Last Updated

ദുബൈ: സ്മാര്‍ട് സംവിധാനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആഹ്വാനപ്രകാരംനടക്കുന്ന എ ഡേ വിത് ഔട് സര്‍വീസ് സെന്റര്‍ ക്യാമ്പയിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മികച്ച പ്രതികരണം. സ്മാര്‍ട് സേവനങ്ങളെ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ സുപരിചിതമാക്കുക എന്നതാണ് ലക്ഷ്യം. സേവന കേന്ദ്രങ്ങളിലൂടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയാണ് കാമ്പയിനില്‍ നടക്കുക. ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കി ലോകത്തെ മികച്ച നഗരമെന്ന നിലയിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള ഭരണനേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് കാമ്പയിന്‍ ആചരിക്കുന്നത്.

സ്മാര്‍ട് സംവിധാനങ്ങളിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുക എന്നത് കാമ്പയിനിന്റെ പ്രധാന ലക്ഷ്യമാണ്. ദുബൈ ഹെല്‍ത് അതോറിറ്റി ( ഡി എച് എ)യും നഗരസഭയും സേവന കേന്ദ്ര രഹിത ദിനാചരണം നടത്തുന്നു. ഡി എച് എ യുടെ ഏതാനും ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഇന്നത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചാണ് “എ ഡേ വിതൗട്ട് സര്‍വീസ് സെന്റര്‍” ഏകദിന ക്യാമ്പയിന്‍ അധികൃതര്‍ ഒരുക്കുന്നത്. ദുബൈ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനൊപ്പം ജനങ്ങളുടെ സമയവും ധനവും ലാഭിച്ച് കൂടുതല്‍ സന്തോഷകരമായ ജീവിതശൈലി പ്രധാനംചെയ്യുന്നതിനും സ്മാര്‍ട് സംവിധാനങ്ങള്‍ സഹായിക്കുമെന്ന് ഡി എച്ച് എ കസ്റ്റമര്‍ റിലേഷന്‍സ് ഡയറക്ടര്‍ ശൈഖ അല്‍ റഹൂമി പറഞ്ഞു. ഡി എച് എയുടെ കീഴിലെ സാലിം, ശെര്യാന്‍ തുടങ്ങിയ വിവിധ സ്മാര്‍ട് ആപുകള്‍ ഉപയോഗിച്ച് വിവിധ സേവനങ്ങള്‍ നേടാവുന്നതാണ്. സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫെസിലിറ്റി ലൈസന്‍സുകളുടെ പുതുക്കലും റദ്ദ് ചെയ്യലും, മെഡിക്കല്‍ ഫെസിലിറ്റി സെന്റററുകളുടെ മാറ്റത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫികറ്റ് കരസ്ഥമാക്കല്‍ എന്നിവ ഓണ്‍ലൈന്‍ സേവനങ്ങള്‍വഴി നടത്താവുന്നതാണെന്ന് അവര്‍ പറഞ്ഞു. ദുബൈ നഗരസഭയും 150 സേവന കേന്ദ്രങ്ങള്‍ ഇന്നത്തേക്ക് അടച്ചിട്ട് സ്മാര്‍ട് സേവന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിനിന്റെ ഭാഗമാകുന്നുണ്ടെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

 

Latest