Connect with us

Articles

ദളിത് എന്ന പദത്തെ ആര്‍ക്കാണ് പേടി ?

Published

|

Last Updated

ഇന്ത്യയില്‍ കീഴാള വിമാചനത്തിന്റെ സാര്‍വത്രിക ഏകകമായ “ദളിത്” എന്ന സംജ്ഞയെ ഒരു ഉത്തരവിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണ്. പട്ടികജാതി ഗോത്ര കമീഷന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പാണ് അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് ദളിത് പദം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഔദ്യോഗികവ്യവഹാരങ്ങളില്‍ നിന്ന് ദളിത് എന്ന പദം ഒഴിവാക്കി പട്ടികജാതി, പട്ടികവര്‍ഗം എന്ന് ഉപയോഗിക്കണം എന്ന നിര്‍ദേശം വന്നിരിക്കുന്നു.

കേരളത്തിലടക്കം, കാല്‍ നൂറ്റാണ്ടിലേറെയായി ദളിത് പ്രയോഗം വ്യവഹരിക്കപ്പെടുന്നു. ഇന്ത്യയിലെ അടിസ്ഥാന സമൂഹമായ പട്ടികജാതി/വര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്ന ദളിത് സംജ്ഞ കീഴാള സമൂഹത്തിന്റെ വര്‍ത്തമാന യാഥാര്‍ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. അടിച്ചമര്‍ത്തലിന്റെയും അവഹേളനത്തിന്റെയും തിക്താനുഭവങ്ങളില്‍ നിന്ന് പുതിയ തലത്തിലുള്ള ഉണര്‍വാണ് ഈ വാക്കിലൂടെ കീഴാളര്‍ നേടിയത്. അസമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും തകര്‍ച്ചയുടെയും അടയാളങ്ങള്‍ അതില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.ദളിത് സംജ്ഞ സ്വത്വരൂപവത്കരണത്തെ പ്രോജ്ജ്വലമാക്കുകയും വൈജ്ഞാനിക മണ്ഡലത്തില്‍ പുതിയ ആശയതലം ഉണര്‍ത്തുകയും ദളിത് സാഹിത്യ ലോകം രാഷ്ട്രത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് വായിക്കപ്പെടുകയും സാഹിത്യ മേഖലയില്‍ കൃത്യമായ ഇടം കണ്ടെത്തുകയും ചെയ്യുന്നുമുണ്ട്. വൈജ്ഞാനിക മണ്ഡലത്തില്‍ ദളിത് വൈജ്ഞാനികം പഠനകേന്ദ്രമായി ഉയര്‍ന്നതും കാണേണ്ടതുണ്ട്. തകര്‍ക്കപ്പെട്ട, ചിതറിയ, വിഭജിക്കപ്പെട്ട  സമൂഹങ്ങളുടെ അവസ്ഥയെ കൃത്യമായി സൂചിപ്പിക്കുന്ന “ദളിത്” സാമൂഹ്യവും ജാതിയവുമായ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ ഏകീകരിക്കുന്നു. നൂറ് കണക്കിന് ഉപജാതി സമൂഹങ്ങളെ പൊതുപ്ലാറ്റ്‌ഫോമില്‍ ഏകീകരിച്ച് നിറുത്താന്‍ ഈ സംജ്ഞയിലൂടെ സാധ്യമാകുന്നുവെന്ന വരേണ്യ തിരിച്ചറിവാണ് നിരോധനത്തിന് ഹേതുവായിരിക്കുന്നത്. ദളിത് എന്ന പോലെ ഏകീകരണത്തിലൂടെ ഒരൊറ്റ നാമമായി അറിയപ്പെടുന്ന സമുദായങ്ങളും കേരളത്തിലുണ്ടെങ്കിലും അവക്കെതിരെ തിട്ടൂരം പുറപ്പെടുവിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കഴിയാറില്ല. നിരവധി ഉപജാതികളുടെ കൂട്ടമായിരുന്ന ശൂദ്രരെ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലാണ് “നായര്‍ ” എന്ന പേരിലേക്ക് ഏകീകരിച്ചത്. “നായര്‍” ഔദ്യോഗിക രേഖകളില്‍ ഇനി ഉപയോഗിക്കരുതെന്നും ഈ സംജ്ഞ നിരോധിക്കണമെന്നും പ്രസ്താവനയിറക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഇവിടെ അധികാര വര്‍ഗത്തിന്റെ സ്ഥാപിത താത്പര്യമാണ് കാരണമെന്ന് കാണാന്‍ കഴിയും.കേരളത്തില്‍ ആരെയാണ് ദളിത് എന്ന പദം പ്രകോപിപ്പിക്കുന്നത്? മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും വക്താക്കളായി അറിയപ്പെടുന്ന ഇടതുപക്ഷത്തെയോ കാവിവത്കരണത്തിന്റെ ഫാസിസ്റ്റ് സംഘത്തെയോ? ദളിത് എന്ന ഏകകത്തിലൂടെ കേരളത്തിലെ കീഴാള ജനത പൊതുപ്ലാറ്റ്‌ഫോമില്‍ അണിനിരക്കുമെന്നും അധികാര ഇടങ്ങളിലേക്ക് ചുവടുറപ്പിക്കുമെന്നുമുള്ള സവര്‍ണതയുടെ തിരിച്ചറിവായി പുതിയ നീക്കത്തെ വിലയിരുത്താവുന്നതാണ്.
ഡോ. അംബേദ്കര്‍ അസ്പൃശ്യരെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വിഘടിതമനുഷ്യര്‍ എന്ന് സൂചിപ്പിക്കുന്നുണ്ട്. വിഘടിത മനുഷ്യന്‍ തന്നെയാണ് ദളിത് എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഗാന്ധിനല്‍കിയ ഹരിജന്‍ നാമം അര നൂറ്റാണ്ടിലേറെ കീഴാളസമൂഹം ചുമന്നതിന്റെ കാരണക്കാര്‍ വരേണ്യവര്‍ഗമാണ്. 1984ല്‍ ഹരിജന്‍ പദം നിരോധിച്ചിട്ടും ഇന്നും വ്യാപകമായി ഉപയോഗിക്കുന്നത് ഉച്ചനീചത്വം നിലനില്‍ക്കുന്നത് കൊണ്ടാണ്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ പ്രയോഗിച്ച ഹരിജന്‍ സംബോധന സവര്‍ണതയുടെ അപഹാസ്യ ധ്വനിയായിരുന്നു. “ഹരിജന്‍” എന്നാല്‍ തന്തയില്ലാത്തവന്‍/ ജാരസന്തതി എന്ന് ഗാന്ധിക്കറിയാമായിരുന്നിട്ടും കീഴാള സമൂഹത്തിന് അദ്ദേഹമത് ചാര്‍ത്തി നല്‍കി. ഗാന്ധിയെ ആരും ഹരിജന്‍ ഗാന്ധി എന്ന് സംബോധന ചെയ്തിരുന്നില്ലെന്ന് ഓര്‍ക്കുക. ഹരിജന്‍ പദത്തിന് പിന്നില്‍ ഗുജറാത്തി കവി  നര്‍സി മേത്തയുടെ കവിതയിലെ പ്രധാന കഥാപാത്രമാണ്. ദേവദാസി സമ്പ്രദായം തുടരുന്ന ക്ഷേത്രത്തിലെ ദേവദാസിക്ക് പിറന്ന കുട്ടിയുടെ പിതൃത്വം കണ്ടെത്താന്‍ കവിക്ക് കഴിയാതെ വന്നപ്പോള്‍ കുട്ടിയുടെ പിതൃത്വം ഹരി (ദൈവം)യില്‍ ആരോപിക്കുകയായിരുന്നുവത്രേ. ഹരിയുടെ സന്തതി (ജന്‍)യാണ് കീഴാളരില്‍ ചാര്‍ത്തിയത്.
ഇന്ത്യയില്‍ അപമാനിക്കപ്പെടുന്ന, അപഹസിക്കപ്പെടുന്ന കീഴാള ജനതയുടെ സ്വത്വബോധത്തിലേക്കുള്ള പുനഃപ്രവേശമാണ് ദളിത് നാമം ഉയത്തി വിട്ടത്. അതിന് കാരണക്കാരായത് മുംബെയിലെ ദളിത് യുവത്വമാണ്. “നാംദിയോ ദാസല്‍, ജെ വി പവാര്‍, രാജാ ധാംലെ, അരുണ്‍ കാംബ്ലെയുള്‍പ്പെടെയുള്ളവരുടെ സംഘത്തില്‍ നിന്നാണ് മാറ്റത്തിന്റെ തുടക്കമാരംഭിക്കുന്നത്. അരുണ്‍ കാംബ്ലെയാണ് ദളിത് എന്ന സംജ്ഞ മുന്നോട്ട് വെച്ചത്. 1972 മെയ് 29ന് ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ചാണ്, അസ്പൃശ്യരെ ഉപജാതി വ്യത്യാസങ്ങളില്ലാതെ പൊതുവായി വിശേഷിപ്പിക്കുന്നതിന് ദളിത് എന്ന പദം ആദ്യമായി പ്രയോഗിച്ചത്. അന്ന് രൂപവത്കരിച്ച സംഘടന “ദളിത് പാന്തേഴ്‌സ്” കീഴാള യുവത്വത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ചു. കേരളത്തിലും അതിന്റെ തുടര്‍ച്ചയുണ്ടായി. ദളിത് പാന്തര്‍ പ്രസ്ഥാനം 1988ല്‍ കെ അംബുജാക്ഷന്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയിലൂടെ കലാലയങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. 2000ത്തിന് ശേഷമാണ് കേരളത്തിലെ “ഹരിജന്‍ സംഘടനകള്‍” ദളിത് നാമം സ്വീകരിക്കാന്‍ തയ്യാറായതെങ്കിച്ചും ദളിത് നാമത്തിന്റെ അര്‍ഥവിശാലത കൃത്യമായി നിര്‍വചിക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ല
ഇന്ത്യയില്‍ സാമൂഹിക മാറ്റം സൃഷ്ടിച്ചുകൊണ്ട് കീഴാള സമൂഹത്തില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കുന്ന ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന നവ സാമൂഹിക വിപ്ലവ ബോധത്തെയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിലൂടെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്.  ഇടതുപക്ഷത്തിന്റെ ഇത്തരം ചുവടുമാറ്റങ്ങള്‍ ക്ക് പിന്നില്‍ അവര്‍ നേരിടുന്ന പ്രത്യയ ശാസ്ത്ര വെല്ലുവിളിയാണ്. അംബേദ്ക്കറൈറ്റുകള്‍ ഉയര്‍ത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തോട് നീതി പുലര്‍ത്താന്‍ ഇടതുപക്ഷ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്ക് കഴിയുന്നില്ല. ദളിത് സമൂഹത്തിലെ മുന്നേറ്റം, സംഘാടനം, ആശയങ്ങളുയര്‍ത്തുന്ന ധൈഷണിക വെല്ലുവിളികള്‍ എന്നിവ ഇടതു പ്രത്യയശാസ്ത്രത്തെ ശിഥിലമാക്കാന്‍ പര്യാപ്തമാണ്. ളിത് രാഷ്ട്രിയ പരിസരം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആശയപരമായി നേരിടുന്നതിന് പകരം ദളിത് സ്വത്വത്തെ ശിഥിലമാക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. ദളിത് സംജ്ഞയെ നിര്‍വീര്യമാക്കാനുള്ള ഇടതുപക്ഷശ്രമം അത്തരത്തിലുള്ള വെല്ലുവിളികളായാണ് വിലയിരുത്തേണ്ടത്.

ദളിത് മുന്നേറ്റത്തെ പ്രതിരോധിക്കല്‍ ഇടതുപക്ഷത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടി ദൗത്യമായി നിര്‍വഹിക്കപ്പെട്ടുകൊണ്ടിരുന്നു. ആരംഭഘട്ടത്തില്‍ സാമൂഹികമാറ്റത്തിന്റെയും ജനാധിപത്യ പൊതുബോധത്തിന്റെയും ചാലകമായി കീഴാളസ്വത്വത്തെ ഫലപ്രദമായി വിനിയോഗിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെവളര്‍ച്ചക്ക് വേണ്ടിയും ദളിതരെ വിനിയോഗിച്ചത് ചരിത്രമാണ്. പുന്നപ്ര വയലാര്‍ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് കീഴാളര്‍ക്ക് മാത്രമായിരുന്നുവെന്നതും കേരളത്തില്‍ പാര്‍ട്ടിയുടെ സുപ്രധാന സമരം നടക്കുന്ന സമയത്ത്  ഇ എം എസ് സ്വന്തം സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നതും വിസ്മരിക്കരുത്. ഇ എം എസ്പിന്നീട് പാര്‍ട്ടി നേതൃത്വം കൈയാളുന്നത് സവര്‍ണതയുടെ ആധിപത്യമനോഭാവമുപയോഗിച്ചാണ്. ഇവിടെയും കീഴാളബോധത്തെ പ്രത്യയശാസ്ത്ര നിലപാടുകളിലൂടെ അട്ടിമറിക്കുകയാണ് ചെയ്തത്.സാമൂഹികപരമായ, സാംസ്‌കാരികവും സാഹിത്യ സംബന്ധവുമായ, ബഹുതല മൂല്യസത്തകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് “ദളിത്” എന്ന പദം. ഇന്ത്യയിലെ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ദളിത് പ്രസ്ഥാനങ്ങള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നു. വിശാല വൈജ്ഞാനിക മാനദണ്ഡങ്ങളുള്ള,  ഒരു സമൂഹത്തിന്റെ പുരോഗമനത്വത്തിന്റെ പ്രതീകമായി മാറിയ ഒരു പ്രയോഗത്തെ നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.
ഇന്ത്യയിലെ മുഴുവന്‍ സമൂഹങ്ങളിലും നവോത്ഥാനാനന്തര ഘട്ടങ്ങങ്ങളില്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ സാധ്യമായിട്ടുണ്ട്. കീഴാള സമൂഹത്തിന്റെ ഉള്ളടക്കമെന്ന നിലയില്‍ ഭാഷ ദേശങ്ങള്‍ക്കതീതമായി വിമോചനാത്മകമായ പൊതുസ്വത്വബോധത്തിലേക്ക് ദളിത് സംജ്ഞ ഏകീകരിച്ചു വിപ്ലവാത്മകമായ പരിവര്‍ത്തനം സാധ്യമാക്കി.

സംവാദാത്മകവും പ്രതിരോധ സജ്ജവുമായ ദളിത് പദം ഇന്ത്യയില്‍ നിശബ്ദ വിപ്ലവത്തിന് തിരികൊളുത്തുമ്പോള്‍ ആ മുന്നേറ്റത്തെ ഊതികെടുത്താനുള്ള ശ്രമമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.ദളിത് സംഘടനകളുടെ മൗനം അനുകൂലമായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപ്പോള്‍ തന്നെ “ദളിതി”നെ സാര്‍വത്രിക സംജ്ഞയാക്കി പൊതുമണ്ഡലത്തില്‍ സ്ഥാപിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച കേരളത്തിലെ പഴയ ദളിത് പാന്തര്‍ പ്രവര്‍ത്തകര്‍ക്കും നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംബേദ്കറൈറ്റുകള്‍ക്കും ഈ നിരോധനത്തോട് സമരസപ്പെടുവാന്‍ സാധ്യമല്ല.