പ്രസാധക ലോകത്ത് പുതു ചരിതവുമായി ഷാര്‍ജ പബ്ലിഷിംഗ് സിറ്റി

Posted on: October 25, 2017 7:10 pm | Last updated: October 25, 2017 at 6:41 pm

ഷാര്‍ജ: പ്രസാധക ലോകത്തു പുതു ചരിതവുമായി ഷാര്‍ജ. അക്ഷര നഗരിയെന്ന് ആഗോള തലത്തില്‍ ഖ്യാതിയുള്ള ഷാര്‍ജയില്‍ മറ്റൊരു ചരിത്രം കൂടി രചിക്കപെടുകയാണ്. പുസ്തക പ്രേമികള്‍ക്ക് നവ്യാനുഭവമായി ലോകത്തെ ആദ്യത്തെ ഫ്രീസോണ്‍ പബ്ലിഷിംഗ് സിറ്റി (എസ്എഫ്‌സി) ഷാര്‍ജയില്‍ പൂര്‍ത്തിയായി. പുതിയ സിറ്റി ഈ മാസം 30ന് വൈകിട്ട് അഞ്ചരക്ക് ലോകത്തിനായി സമര്‍പിക്കും. ലോകത്തെ എല്ലാ പ്രസാധകര്‍ക്കും നികുതി രഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്വതന്ത്ര ഉടമസ്ഥാവകാശമുള്ള അച്ചടി പ്രസിദ്ധീകരണ കേന്ദ്രമായാണ് പബ്ലിഷിംഗ് സിറ്റി ഒരുക്കിയിട്ടുള്ളത്.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നാല് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഏറ്റവും ആധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച ഷാര്‍ജ പബ്ലിഷിംഗ് സിറ്റി സിറ്റിക്ക് തുടക്കം കുറിച്ചത്. മധ്യപൂര്‍വദേശം, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളുടെ മികച്ച വിപണിയായിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു.
ആഗോളതലത്തില്‍ മത്സരിക്കാവുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഏര്‍പെടുത്തിയിട്ടുള്ളത്. പൂര്‍ണസജ്ജമായതും അല്ലാത്തതുമായ ഓഫീസുകളും വെയര്‍ഹൗസുകളും ലഭ്യമാണ്. അച്ചടിപ്രസാധന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സാധ്യമാകും. കൂടാതെ, ഏത് രാജ്യക്കാര്‍ക്കും മികച്ച രീതിയില്‍ പ്രസാധന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് കൊണ്ട് പോകുന്നതിനുള്ള പരിതസ്ഥിതി ഒരുക്കുന്നതിന്റെ ഭാഗമായി ഏതു തരം കറന്‍സിയും ഇവിടെ ക്രയവിക്രയം ചെയ്യാമെന്നതും പബ്ലിഷിംഗ് സിറ്റിയുടെ സവിശേഷതയാണ്.
ഇന്ത്യയില്‍ നിന്ന് 200 ലേറെ പ്രസാധകരടക്കം ഒട്ടേറെ പ്രസ്ഥാനങ്ങള്‍ പബ്ലിഷിംഗ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
25 വര്‍ഷത്തേക്കാണ് സ്ഥലം പാട്ടത്തിന് നല്‍കുക. അച്ചടി സംബന്ധമായ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 400 ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തില്‍ സജ്ജമായിട്ടുണ്ടെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അഹ്മദ് അല്‍ ആമിരി പറഞ്ഞു.