തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ തീരുമാനം

Posted on: October 25, 2017 9:31 am | Last updated: October 25, 2017 at 1:57 pm

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു. കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ നിയമോപദേശം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

തോമസ് ചാണ്ടിയുടെ കൈയേറ്റ ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്നും ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ വേണമെന്ന ശിപാര്‍ശയാണ് ജില്ലാ കലക്ടര്‍ നല്‍കിയിരിക്കുന്നതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗുരുതരമാണെന്ന നിലപാടാണ് റവന്യൂ മന്ത്രി സ്വീകരിച്ചത്. കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് റവന്യൂ മന്ത്രി ഈ നിലപാടെടുത്തത്. കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും റവന്യൂ വകുപ്പ് മുന്നോട്ടുവെച്ചെന്നാണ് വിവരം. എന്നാല്‍, മന്ത്രിസഭാംഗത്തിനെതിരായ പരാതി ആയതിനാല്‍ എന്തെങ്കിലും നടപടി റവന്യൂ വകുപ്പ് ശിപാര്‍ശ ചെയ്തിട്ടില്ല. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ നിയമ ലംഘനം നടന്നിട്ടുണ്ടെന്നാണ് കലക്ടര്‍ കണ്ടെത്തിയതെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റവന്യൂ മന്ത്രി അറിയിച്ചു.

വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിംഗ് ഗ്രൗണ്ടും റോഡും നിര്‍മിച്ചതിലും നിയമലംഘനം നടന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം കമ്പനി ചെയ്യുന്ന ലംഘനങ്ങള്‍ക്ക് ഡയറക്ടര്‍മാരെല്ലാം ഉത്തരവാദികളാണ്. ആലപ്പുഴയിലെ ജില്ലാ ഭരണാധികാരികള്‍ക്കും കൈയേറ്റ വിഷയത്തില്‍ പങ്കുണ്ട്. തഹസില്‍ദാര്‍, മുന്‍ ജില്ലാ കലക്ടര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് നിയമലംഘനത്തിന് കാരണമായത്. നിയമലംഘനത്തില്‍ പങ്കാളികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.