Connect with us

Kerala

രാംദാസ് വൈദ്യര്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരം അനീസിന് സമ്മാനിച്ചു

Published

|

Last Updated

രാംദാസ് വൈദ്യര്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരം മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാറില്‍ നിന്ന്
സിറാജ് സബ് എഡിറ്റര്‍ കെ ടി അബ്ദുല്‍ അനീസ് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: സാമൂഹിക തിന്മകള്‍ക്കെതിരെ ആക്ഷേപ ഹാസ്യത്തിലൂടെ പ്രതികരിച്ച് കോഴിക്കോടിന്റെ ചിരസ്മരണയായി മാറിയ രാംദാസ് വൈദ്യരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കാര്‍ട്ടൂണ്‍ പുരസ്‌കാരം സിറാജ് സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ കെ ടി അബ്ദുല്‍ അനീസിന് സമ്മാനിച്ചു. രാംദാസ് വൈദ്യരുടെ 19-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്നലെ അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന വൈദ്യര്‍ അനുസ്മരണ ചടങ്ങില്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്. സിറാജ് ദിനപത്രത്തില്‍ 2017 ജനുവരി 15ന് പ്രസിദ്ധീകരിച്ച “ക്വിറ്റ് ഇന്ത്യ, ക്യൂ ഇന്ത്യ” എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷനായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് വൈദ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വൈദ്യരെ ക്കുറിച്ച് എ സജീവന്‍ എഴുതിയ പുസ്തകം കെ ജയകുമാര്‍ പ്രകാശനം ചെയ്തു. എന്‍ പി രാജേന്ദ്രന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. പി വി ഗംഗാധരന്‍, കെ പ്രേംനാഥ് ആശംസ നേര്‍ന്നു. കെ ടി അബ്ദുല്‍ അനീസ് മറുപടി പ്രസംഗം നടത്തി. ചെലവൂര്‍ വേണു സ്വാഗതവും ടി വേലായുധന്‍ നന്ദിയും പറഞ്ഞു.

കാര്‍ട്ടൂണിസ്റ്റുകള്‍ ഇല്ലാത്ത ലോകം അടച്ചിട്ട മുറി പോലെയാണെന്നും സമൂഹത്തെ അത് ജീര്‍ണിപ്പിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.