Connect with us

Palakkad

മലമ്പുഴ അണക്കെട്ടിലെ വെള്ളം സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നു

Published

|

Last Updated

കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും മലമ്പുഴ അണക്കെട്ടിലെ വെള്ളം ലഭ്യമാകാതിരിക്കുമ്പോള്‍ അതിലെ കുടിവെള്ളവുമെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് വിറ്റ് ലാഭമുണ്ടാക്കാനൊരുങ്ങി ജലസേചനവകുപ്പ്.
ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരുടെ കുടിവെള്ള സ്രോതസായ മലമ്പുഴ അണക്കെട്ടില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം കഞ്ചിക്കോടുള്ള കിന്‍ഫ്രയിലേക്ക് നല്‍കാന്‍ ധാരണയായി. അതോടൊപ്പം മലമ്പുഴ അണക്കെട്ടിനകത്ത് കൂട് മത്സ്യകൃഷി നടത്താന്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതിയും നല്‍കി. പ്രത്യേക കൂടുകളില്‍ അണക്കെട്ടിനകത്ത് തന്നെ വളര്‍ത്തുന്ന പത്ത് ലക്ഷം മത്സ്യങ്ങള്‍ക്ക് തീറ്റിയിട്ടു നല്‍കുന്നതോടെ അണക്കെട്ടിലെ വെള്ളം മലിനമാകും. മലമ്പുഴയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരു മത്സ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ താത്്പര്യപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു വിപുലമായ പദ്ധതി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത്. കഞ്ചിക്കോടുള്ള തുണിമില്‍ കമ്പനിക്കു കൂടാതെ, കഞ്ചിക്കോട് വരാനിരിക്കുന്ന ഫുഡ് പാര്‍ക്കുകളിലേക്കും അവ പ്രവര്‍ത്തനം തുടങ്ങുന്ന മുറക്ക് വെള്ളം നല്‍കി തുടങ്ങും. ഇതോടെ തുടക്കത്തില്‍ നല്‍കുന്ന പത്ത് ദശലക്ഷം ലിറ്റര്‍ 20 ദശലക്ഷം വെള്ളമാക്കി ഉയര്‍ത്തി നല്‍കും. ഇതോടെ കാര്‍ഷികാവശ്യത്തിന് പേരിന് പോലും വെള്ളം നല്‍കാനാവാത്ത അവസ്ഥയുണ്ടാകും.

മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22,000 ഹെക്ടര്‍ സ്ഥലത്ത് ആയിരകണക്കിന് കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. നേരത്തെ മൂന്നു തവണ കൃഷിയിറക്കിയിരുന്നത് ജലത്തിന്റെ ദൗര്‍ലഭം കാരണം രണ്ടു തവണയായി കുറഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴുള്ള വെള്ളം കൂടി നിലക്കുന്നതോടെ ഒറ്റതവണ പോലും കൃഷിയിറക്കാന്‍ കഴിയാതെ വരും. കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാട്ടേക്ക്, പുറമെ നിന്ന് നെല്ല് കൊണ്ടു വരേണ്ട അവസ്ഥ ഇതോടെ സംജാതമാവും.

നേരത്തെ 90 ദിവസത്തിലധികം കൃഷിയാവശ്യത്തിന് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വേനലില്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ അത് 25 ദിവസമാക്കി കുറച്ചിരുന്നു. കുടിവെള്ളമാണെങ്കില്‍ നേരത്തെ 24 മണിക്കൂറും സുലഭമായി നല്‍കിയിരുന്നത് വര്‍ഷങ്ങളായി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നല്‍കുന്നത്. രാത്രി കാലങ്ങളില്‍ മാത്രം നല്‍കുകയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആയാണ് ഇപ്പോള്‍ കുടിവെള്ളം നല്‍കി വരുന്നത്. ഏകദേശം 60 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് പാലക്കാടിന് സമീപമുള്ള അഞ്ച് പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും മാത്രമായി ഒരു ദിവസം ആവശ്യമുള്ളത്. ഇതിപ്പോള്‍ തന്നെ തികയാത്ത സാഹചര്യത്തിലാണ് നിത്യേന 20 ദശലക്ഷം ലിറ്റര്‍ വെള്ളം വില്‍ക്കുന്നതിന് ജലസേചനവകുപ്പ് തയ്യാറാവുന്നത്.

മലമ്പുഴയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ചാണ് കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടു പോകുന്നത്. ആകെ 32 കോടി രൂപ ചെലവില്‍ ഗെയ്ല്‍ ആണ് 600 എം എം വ്യാസമുള്ള പൈപ്പ് ഉപയോഗിച്ച് ഇതിനായി ലൈന്‍ ഒരുക്കുന്നത്. മൂന്നുമാസത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കും. കിന്‍ഫ്രയിലേക്ക് വ്യവസായിക ആവശ്യത്തിന് വെള്ളം വിട്ടുകൊടുക്കുന്നതോടെ സമീപത്തെ പെപ്‌സി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചാല്‍ അവര്‍ക്കും വെള്ളം വിട്ടുകൊടുക്കേണ്ട അവസ്ഥയുണ്ടാകും.
അമ്പതു ലക്ഷത്തോളം രൂപ ചെലവിട്ടാണ് മത്സ്യകൃഷി. മത്സ്യങ്ങള്‍ക്കായി പ്രത്യേക കൂടുണ്ടാക്കി അതിനകത്തു വലയിട്ടു വളര്‍ത്തിയെടുക്കുന്നതാണ് പദ്ധതി. 72 കൂടുകളിലായി 10 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടരലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ 24 കൂടുകളിയായി വളര്‍ത്തും. കിമ എന്ന പേരില്‍ സ്വകാര്യ ഏജന്‍സിക്കാണ് പദ്ധതി നടപ്പിലാക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളത്.

കൂടിനകത്തു നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍ അണക്കെട്ടിനകത്തേക്ക് ചാടി പോകാതിരിക്കാന്‍ കൂടിനു ചുറ്റും വലകളും സ്ഥാപിക്കും. ഇതിനകത്തു തീറ്റ ഇടുന്നതിനാല്‍ ജലമലിനീകരണമുണ്ടാകാനിടയാക്കുമെന്നാണ് പരിസ്ഥിതിവകുപ്പ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

Latest