Connect with us

Editorial

സോളാര്‍ കേസ് അന്വേഷണം

Published

|

Last Updated

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് സോളര്‍ കേസിലെ പ്രധാന ഉത്തരവാദികളെന്നും അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതിന് നേരത്തെ കേസന്വേഷിച്ച ഡി ജി പി എ ഹേമചന്ദ്രന്‍, ഐ ജി. കെ പത്മകുമാര്‍, ഡി വൈ എസ് പി. കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ രണ്ട് എസ് പിമാരടക്കം ആറ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയുമുണ്ടായി.

ശിവരാജന്‍ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശകളെക്കുറിച്ചു അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശം തേടിയ ശേഷമാണ് അന്വേഷണ തീരുമാനം. കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും കഴിഞ്ഞ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുകയും ചെയ്ത കേസാണ് സോളാര്‍ തട്ടിപ്പ്. സംസ്ഥാന ചരിത്രത്തില്‍ കൂടുതല്‍ മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട കേസുമാണിത്. സംസ്ഥാനത്ത് സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്തു ബിജു രാധാകൃഷ്ണന്‍ സി എം ഡിയായ “ടീം സോളാര്‍” കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെ ഇവര്‍ വാങ്ങിയിട്ടുണ്ട്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയുമാണ്. സോളാര്‍ ടീമിന്റെ പ്രധാന ഇടപാടുകളെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടെത്തലോടെയാണ് ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ആരോപണത്തിന്റ മുന നീണ്ടത്.

മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായും സരിത ആരോപിച്ചിരുന്നു. 2013 ജൂലൈ 19ന് സരിത ജയിലില്‍ നിന്ന് അയച്ച കത്തിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷനു കത്ത് നല്‍കുകയും ചെയ്തു. തന്റെ മുമ്പില്‍ ഹാജരാക്കിയ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നടന്നതായി ശിവരാജന്‍ കമ്മീഷന്‍ അനുമാനിക്കുന്നുണ്ടെന്നാണ് വിവരം. സരിതയെ ലൈംഗികമായി ഉപയോഗിച്ചത് കൈക്കൂലിയുടെ ഗണത്തില്‍പ്പെടുമെന്നാണ് കമ്മീഷന്റെ നിഗമനം. ഇതു മുന്‍നിര്‍ത്തിയാണ് അഴിമതി നിരോധന നിയമത്തിനുപുറമെ ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുക്കാനുള്ള തീരുമാനം.
തട്ടിപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്നും തെറ്റു ചെയ്യാത്തതിനാല്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ തന്റെ ഭരണ കാലത്ത് നിയമിച്ച അന്വേഷണ കമ്മീഷനാണ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നത് അദ്ദേഹത്തിന് കനത്ത ആഘാതമാണ്. കെ പി സി സി പുനഃസംഘടന അവസാനഘട്ടത്തിലെത്തി നില്‍ക്കേ വന്ന നടപടി അദ്ദേഹത്തിനും എ ഗ്രൂപ്പിനും കടുത്ത ക്ഷീണമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊന്നും ഏറ്റെടുക്കാതെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി പ്രസിഡന്റ് ആകണമെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ചാണ്ടിക്ക് പകരം ഗ്രൂപ്പ് മുന്നോട്ട് വെച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നി ബെഹനാനും സോളാര്‍ കേസില്‍ കുരുങ്ങിയതും എ ഗ്രൂപ്പിനെ വെട്ടിലാക്കും. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ശക്തമാക്കുകയും കിട്ടിയ അവസരമുപയോഗിച്ചു മേല്‍കൈ നേടാന്‍ ഐ ഗ്രൂപ്പ് ശ്രമിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാര്‍ തീരുമാനത്തോടുളള ഐ ഗ്രൂപ്പ് നേതാക്കളുടെ തണുത്ത പ്രതികരണം നല്‍കുന്ന സൂചനയും അതാണ്.

ഉന്നത നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ,ലൈംഗിക കേസുകളും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായുള്ള സരിതയുടെ നിലപാടും ദേശീയതലത്തിലും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കും. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ആദ്യം നിസ്സംഗത പുലര്‍ത്തുന്നതായി തോന്നിപ്പിച്ച ശേഷം തിരഞ്ഞെടുപ്പ് ദിവസം അവിചാരിതമായി അന്വേഷണം പ്രഖ്യാപിച്ച നടപടി യെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം കൗശലങ്ങള്‍ സാധാരണമാണെങ്കിലും അതൊഴിവാക്കുന്നതായിരുന്നു ഭംഗി. അപ്പോഴും അഴിമതി വെച്ചുപൊറുപ്പിച്ചുകൂടാ എന്നതും പ്രധാനമാണ്.