കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപദവികള്‍ ഒഴിഞ്ഞ് മാന്യതകാണിക്കണമെന്ന് കോടിയേരി

Posted on: October 11, 2017 8:39 pm | Last updated: October 12, 2017 at 9:57 am

സോളാര്‍ അഴിമതി കേസില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പൊതുപദവികള്‍ ഒഴിഞ്ഞ് മാന്യത കാട്ടാന്‍ തയ്യാറാവണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

സോളാര്‍ അഴിമതി സംബന്ധിച്ച് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വസ്തുനിഷ്ഠവും സൂക്ഷ്മതയുള്ളതുമാണ്. ഇതിലൂടെ സോളാര്‍ അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് നിയമസഭയ്ക്കകത്തും പുറത്തും എല്‍ഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങള്‍ സാധൂകരിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സരിത എസ് നായരില്‍ നിന്നും ടീം സോളാര്‍ എന്ന അവരുടെ കമ്പനിയില്‍ നിന്നും മറ്റ് ചിലരില്‍ നിന്നുമായി കൈക്കൂലി വാങ്ങിയെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.