സാമൂഹിക വനവത്കരണത്തിന്റെ മുഖം മാറുന്നു

Posted on: October 9, 2017 8:20 am | Last updated: October 8, 2017 at 11:23 pm

കണ്ണൂര്‍: സംസ്ഥാനത്ത് വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന സാമൂഹിക വനവത്കരണ പദ്ധതിയുടെ മുഖം മിനുക്കാന്‍ നടപടിയൊരുങ്ങുന്നു. വനവത്കരണത്തിന്റെ പേരില്‍ കോടികള്‍ ചെലവിട്ട് നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകളില്‍ പാതിയിലധികവും സംരക്ഷണമില്ലാതെ നശിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വനവത്കരണ പദ്ധതി നിലവിലുള്ള രീതിയില്‍ നിന്ന് മാറ്റാന്‍ കളമൊരുങ്ങുന്നത്. ഏതെങ്കിലും ഒരു ദിനത്തില്‍ പ്രചാരണത്തിന് വേണ്ടി മരം നടുന്ന രീതി മാറ്റി സര്‍ക്കാറിന്റെ പൂര്‍ണ മേല്‍നോട്ടത്തില്‍ മാത്രം വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇനി നടപ്പിലാകുക.

മരം നട്ടുപിടിപ്പിക്കുന്നവരുടെ പേരുവിവരം പ്രത്യേകം രേഖപ്പെടുത്തുകയും അത് സംരക്ഷിച്ച് വളര്‍ത്തുകയും ചെയ്യുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനുമാണ് ഹരിതകേരളം മിഷന്‍ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്. വൃക്ഷത്തൈ നട്ടയാളുടെ പേരുവിവരങ്ങള്‍ കാലാകാലം രജിസ്റ്ററില്‍ രേഖപ്പെടുത്തിവെക്കും. മരം വളര്‍ന്ന് വലുതായാല്‍ നട്ടയാളുടെ പേരില്‍ മരം അറിയപ്പെടുന്നതിന് ആവശ്യമായ ബോര്‍ഡുകളുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും ആലോചനയുണ്ട്. ഇത്തരത്തില്‍ നടുന്നതിനുള്ള പ്രത്യേക ഇനങ്ങളിലുള്ള വൃക്ഷത്തൈകളുടെ ഉത്പാദനം അടുത്ത ദിവസം തുടങ്ങും. അടുത്ത വര്‍ഷം മുതല്‍ വൃക്ഷത്തൈ വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് കൂടുകള്‍ മണ്ണിലേക്ക് വലിച്ചെറിയാതെ എണ്ണത്തിനനുസരിച്ച് തിരിച്ചേല്‍പ്പിക്കാന്‍ നിര്‍ദേശിക്കും. പരസ്യത്തിനുവേണ്ടി പരിസ്ഥിതി പ്രവര്‍ത്തനം നടുന്നവര്‍ക്ക് ഇനി വൃക്ഷത്തൈ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

വൃക്ഷത്തൈ നടീല്‍ പ്രഹസനമാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളെയും സംഘടനകളെയും പിടികൂടി പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വനം വകുപ്പിന്റെ നേതൃത്വത്തിലും തുടങ്ങും. നടുന്ന വൃക്ഷത്തൈകള്‍ രണ്ട് വര്‍ഷം വരെ തുടര്‍ച്ചയായി നിരീക്ഷിക്കാനും വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംവിധാനമൊരുക്കും. കഴിഞ്ഞ തവണ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നട്ട തൈകളുടെ അവസ്ഥ ഹരിതകേരളം മിഷന്‍ ഇതിനകം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
നട്ട മരങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ, ആവശ്യമായ തുടര്‍ സംരക്ഷണം ലഭ്യമാണോ, ചെടി അവശേഷിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് അത് നശിച്ചുപോയത്, എന്തെല്ലാമാണ് പരിഹാരമാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. ഇത് സംസ്ഥാനാടിസ്ഥാനത്തില്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട അവലോകനയോഗം അടുത്ത ദിവസങ്ങളില്‍ നടക്കും. നഷ്ടപ്പെട്ട ഓരോ വൃക്ഷത്തൈക്കും പകരമായി മറ്റൊരു ഫലവൃക്ഷത്തൈ നടും.

കഴിഞ്ഞ പരിസ്ഥിദിനത്തില്‍ വനം വകുപ്പ് 72 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. ഒരു തൈക്ക് പതിനേഴ് രൂപയാണ് ചെലവ് വന്നത്. 1,22,40,000 രൂപയാണ് വൃക്ഷത്തൈകള്‍ തയ്യാറാക്കാനായി മാത്രമുള്ള ചെലവ്. കോടികളുടെ അനുബന്ധ ചെലവുകള്‍ വേറയെുമുണ്ടായി. ഇത്രയധികം തുക ചെലവിട്ടിട്ടും വനവത്കരണ യജ്ഞം വേണ്ടത്ര വിജയിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.