തരിശ് പാടത്ത് നെല്‍കൃഷി സമൃദ്ധിക്കായി കാഞ്ഞങ്ങാട് ജനത ഒന്നിക്കുന്നു

Posted on: October 7, 2017 7:48 am | Last updated: October 6, 2017 at 8:52 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ തരിശ്ശ് പാടത്തെ നെല്‍സമൃദ്ധമാക്കാനായി കാഞ്ഞങ്ങാട് ജനത ഒന്നിക്കുന്നു.

 

 

കാഞ്ഞങ്ങാട് നഗരസഭ കൃഷിവകുപ്പ് നടത്തുന്ന പ്രവര്‍ത്തനത്തിന് റവന്യൂ, ജലസേചന വകുപ്പ്, കാഞ്ഞങ്ങാട് പോലീസ് സേന, കര്‍മ്മസമിതി, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാകുന്നത്.

ആദ്യഘട്ടത്തില്‍ കാരാട്ടുവയലിലാണ് കൃഷിയിറക്കുന്നത്. പിന്നീട് നഗരസഭയിലെ മുഴുവന്‍ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

സ്ഥലങ്ങള്‍ക്കുണ്ടാകുന്ന നിയമ പ്രശ്‌നങ്ങള്‍ റവന്യൂവകുപ്പ് പരിഹരിക്കുമ്പോള്‍ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാന്‍ ജലസേചന വകുപ്പ് മേല്‍നോട്ടം വഹിക്കും. കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കാഞ്ഞങ്ങാട് പോലീസ് സേനയും, കര്‍മ്മസമിതിയും കുടുംബശ്രീയും മറ്റ് സന്നദ്ധ സംഘടനയും ചേര്‍ന്ന് കൃഷിയിറക്കും. ഇതിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാരാട്ടുവയല്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
നഗരസഭ ചെയര്‍മാന്‍ വിവി.രമേശന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, സി.ഐ എം ബി പത്മനാഭന്‍, വില്ലേജ് ഓഫീസര്‍ സജീവ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജു, കൗണ്‍സിലര്‍മാരായ എന്‍.ഉണ്ണിക്കൃഷ്ണന്‍, സന്തോഷ് കുശാല്‍നഗര്‍, ടി കെ സുമയ്യ, ജനകീയ പ്രവര്‍ത്തകരായ നാജു, സി എം സാലി, കൃഷി ഓഫീസര്‍ പി ദിനേശന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.