Connect with us

National

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: മോദിക്കെതിരായ സാകിയ ജാഫ്രിയുടെ ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അരങ്ങേറിയ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കൂട്ടക്കൊലയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ചില ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നായിരുന്നു സാകിയ ജാഫ്രിയുടെ വാദം. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ സാകിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടിരുന്നു.

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാരോപിച്ച് നേരത്തെ സാകിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2008ല്‍ സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. കൂട്ടക്കൊലയില്‍ മോദിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയ എസ്‌ഐടി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് സാകിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്. എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നുമായിരുന്നു സാകിയയുടെ ആവശ്യം. താന്‍ നല്‍കിയ തെളിവുകളൊന്നും എസ് ഐടി പരിഗണിച്ചിട്ടില്ല. ഇരകളോട് എസ്‌ഐടി മുന്‍വിധിയോടെയാണ് പെരുമാറിയത്. ഒരു പാര്‍ലിമെന്റ് അംഗമാണ് പകല്‍ വെളിച്ചത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൂട്ടക്കൊലയില്‍ മോദിക്കും മറ്റ് അറുപത് പേര്‍ക്കുമുള്ള പങ്ക് വ്യക്തമാണെന്നും സാക്കിയ പറഞ്ഞിരുന്നു.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അരങ്ങേറിയ 69 ജീവനെടുത്ത കൂട്ടക്കുരിതിയില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആരോപണ വിധേയായവരുടെ സ്ഥാനത്തുണ്ടായ 36 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു.