Connect with us

Editorial

ഹാദിയ കേസിലെ കോടതി നിരീക്ഷണങ്ങള്‍

Published

|

Last Updated

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഹാദിയ കേസില്‍ ഇന്നലെ സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍. 24 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അവരുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി വീട്ടുതടങ്കലില്‍ വെക്കാന്‍ പിതാവിന് അവകാശമില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ നിരീക്ഷണം. കേസില്‍ എന്‍ ഐ എ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായ ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ഹാദിയയുടെ വിവാഹം അസാധുവാക്കിക്കൊണ്ട് മേയ് 24ന് ഹൈക്കോടതി നടത്തിയ ഉത്തരവിന്റെ സാധുതയിലും പരമോന്നത കോടതി സംശയം പ്രകടിപ്പിച്ചു. ഭരണഘടനയുടെ 226ാം ഖണ്ഡികപ്രകാരം അവരുടെ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അവകാശമുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മറ്റൊരു വ്യക്തിക്ക് ഹാദിയയുടെ സംരക്ഷണച്ചുമതല താത്കാലികമായി നല്‍കുകയോ പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റുകയോ ചെയ്യുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വൈക്കം സ്വദേശിയായ അഖില ഇസ്‌ലാം ആശ്ലേഷിച്ച് ഹാദിയ എന്ന പേര് സ്വീകരിക്കുകയും കൊല്ലം സ്വദേശിയായ ശഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ വിവാഹമാണ് ഹാദിയയുടെ പിതാവ് അശോകന്റെ ഹരജി പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയത്. നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന അശോകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ശഫിന്‍ ജഹാന്‍ സൂപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അസാധാരണമായ വിധിയാണ് ആഗസ്റ്റ് 16ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ചില്‍ നിന്നുണ്ടായത്. ഹാദിയയുടെ വാദം കേള്‍ക്കാതെ കോടതി കേസ് എന്‍ ഐ എ അന്വേഷണത്തിന് വിടുകയും മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ വി രവീന്ദ്രനെ അന്വേഷണ സമിതി തലവനായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ വിധിയുടെ സാധുതയില്‍ പല നിയമജ്ഞരും ഗുജറാത്ത് കേഡര്‍ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പോലെയുള്ള പല ഉന്നത ഉദ്യോഗസ്ഥരും കടുത്ത സന്ദേഹവും ആശങ്കയും പ്രകടിപ്പിക്കുകയുണ്ടായി. പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹിതരാകാന്‍ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ അവരുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി നടപടിയും കേസ് ഐ എന്‍ എക്ക് വിട്ട സുപ്രീം കോടതി നടപടിയും ന്യായീകരിക്കാവതല്ലെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പക്ഷം. പരസ്പര സമ്മതപ്രകാരമുള്ള വിവാഹത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമെന്താണ്? അവര്‍ ഏത് വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്നുവെന്ന് നമ്മള്‍ നോക്കേണ്ടതുണ്ടോ? അവള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മതം നോക്കാതെ ജയിലില്‍ അയക്കാം. അല്ലാത്തപക്ഷം അവള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. അതിന് രാജ്യത്തിന്റെ സമ്മതം ആവശ്യമില്ലെന്ന് സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടുന്നു. 24കാരിയായ മുസ്‌ലിം യുവതി 27കാരനായ ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്നുവെന്നിരിക്കട്ടെ. അവള്‍ അവനെ വിവാഹം ചെയ്തു ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് കാണിച്ച് അവളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കോടതി അവരുടെ വിവാഹം അസാധുവാക്കി അവളെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുന്നു. എന്നാല്‍ താന്‍ പുതിയ പേരില്‍ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹിന്ദുവായി മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആ പെണ്‍കുട്ടി ക്യാമറക്ക് മുന്നില്‍ വ്യക്തമാക്കി. ഇതിന് ദേശീയ തലത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്നും ഭട്ട് ചോദിക്കുകയുണ്ടായി. വിവിധ മതക്കാര്‍ ഒത്തൊരുമിച്ച് വസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന ശില തന്നെ തകര്‍ക്കുന്ന ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നാണ് ഹാദിയയുടെ ഭര്‍ത്താവ് ശഫിന്‍ ജഹാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ നിരീക്ഷണം. ഹിന്ദുക്കളായ രണ്ട് ബി ജെ പി നേതാക്കള്‍ വിവാഹം കഴിച്ചത് മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരെയാണ്. ഇവര്‍ക്കെതിരെയും എന്‍ ഐ എ അന്വേഷണം നടത്തുമോ എന്നും അദ്ദേഹം കോടതിയോട് ചോദിക്കുന്നു.

ഹൈക്കോടതി വിധിക്ക് ശേഷം പിതാവും വീട്ടുകാരും ചേര്‍ന്ന് ഹാദിയയെ വീട്ടുതടങ്കലിലാക്കിയ നടപടിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനും രംഗത്തുണ്ട്. ഹാദിയ അവകാശ ലംഘനം നേരിടുകയാണെന്ന് കാണിച്ചും അവരെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും സുപ്രീം കോടതിയെ സമീപിച്ച വനിതാ കമ്മീഷന് കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരിക്കയാണ്. ഏതായാലും നേരത്തെ ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചില്‍ നിന്നുമുണ്ടായ അസാധാരണവും അപ്രതീക്ഷിതവുമായ വിധി പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമായി ഹാദിയക്ക് പ്രതീക്ഷയേകുന്ന നിരീക്ഷണവും പരമാര്‍ശങ്ങളുമാണ് ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ബഞ്ചില്‍ നിന്നുമുണ്ടായത്. ഇത് ആശ്വാസകരമാണ്.

 

Latest