റെനഡി സിംഗിന്റെ വലിയ റോള്‍ !

Posted on: October 3, 2017 9:32 am | Last updated: October 3, 2017 at 9:32 am

ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ പലതാരങ്ങളും ദാരിദ്ര്യത്തോട് പടവെട്ടിയാണ് ഇതുവരെ മുന്നേറിയെത്തിയത്. ക്യാപ്റ്റന്‍ അമര്‍ജിത് സിംഗ് മണിപ്പൂരിലെ തൗബല്‍ജില്ലയിലെ നിര്‍ധന കുടുംബത്തിലാണ് ജനിച്ചത്. ഫുട്‌ബോളിനോട് അമര്‍ജിതിനുള്ള അടങ്ങാത്ത താത്പര്യവും ആഗ്രഹവുമാണ് ലോകകപ്പ് ടീമിന്റെ നേതൃസ്ഥാനം വരെ എത്തിച്ചത്.

മണിപ്പൂരില്‍ നിന്ന് അമര്‍ജിത് സിംഗ് ഉള്‍പ്പടെ എട്ട് പേരാണ് ലോകകപ്പ് സ്‌ക്വാഡിലുള്ളത്. പലരുടെയും കുടുംബത്തിന് സാമ്പത്തിക ഭദ്രതയില്ല.
മക്കളുടെ കളി ലോകകപ്പ് വേദിയില്‍ ചെന്നിരുന്ന് നേരില്‍ കാണുവാന്‍ കൊതിക്കാത്ത മാതാപിതാക്കളുണ്ടാകുമോ.
പക്ഷേ, വലിയ യാത്രാചെലവും താമസ ചെലവുമൊന്നും താങ്ങുവാന്‍ അമര്‍ജിത് സിംഗിന്റെ കുടുംബത്തിന് കഴിയില്ല. മറ്റുള്ളവരുടെയും സ്ഥിതി മറിച്ചല്ല.
ഇവിടെ മുന്‍ ഇന്ത്യന്‍ നായകന്‍ റെനഡി സിംഗ് രക്ഷകന്റെ റോള്‍ ഏറ്റെടുത്തു. മണിപ്പൂരി താരങ്ങളുടെ കുടുംബാംഗങ്ങളുടെ താത്പര്യം മനസ്സിലാക്കിയ റെനഡി സിംഗ് സ്ഥലം എം എല്‍ എയുമായും സ്വകാര്യ കമ്പനികളുമായും വിഷയം സംസാരിച്ചു. ഇതിന്റെ ഭാഗമായി, സഗോല്‍ബന്ദ് എം എല്‍ എ ഇരുപതിനായിരം രൂപ അമര്‍ജിത് സിംഗിന്റെ കുടുംബത്തിന് സഹായമായി അനുവദിച്ചു. ഇത്രയും തുക എട്ട് മണിപ്പൂരി കളിക്കാരുടെയും കുടുംബത്തിനും ലഭ്യമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, ഇംഫാലിലുള്ള ഈസ്റ്റേണ്‍ മോട്ടോഴ്‌സ് കളിക്കാരുടെ കുടുംബത്തിന് ധനസഹായം നല്‍കി.
മുംബൈയിലുള്ള ടാറ്റട്രസ്റ്റും സാമ്പത്തിക സഹായം നല്‍കുവാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. റെനഡി സിംഗ് മുന്‍കൈയ്യെടുത്താണ് ഇതെല്ലാം നടപ്പിലാക്കുന്നത്.
അമര്‍ജിതിന്റെ മൂത്ത സഹോദരന്‍ ഉമാകാന്ത സിംഗ് പണം കൈപ്പറ്റിയെന്നും ന്യൂഡല്‍ഹിയില്‍ മത്സരം കാണുവാന്‍ കുടുംബസമേതം പോകുമെന്നും വ്യക്തമാക്കി.
അതേ സമയം, മണിപ്പൂര്‍ സര്‍ക്കാര്‍ എട്ട് താരങ്ങള്‍ക്കും അഞ്ച് ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ വന്നു. ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അമര്‍ജിതിന്റെ സഹോദരന്‍ അറിയിച്ചു.
ഡല്‍ഹിയിലെത്തുന്ന കളിക്കാരുടെ കുടുംബത്തിന് താമസസൗകര്യം ഏര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.