15 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ ജീവപര്യന്തമായി ഇളവ്‌ ചെയ്തു

Posted on: September 30, 2017 3:48 pm | Last updated: October 1, 2017 at 12:07 am

കുവൈത്ത്: കുവൈത്ത് ജയിലില്‍ കഴിയുന്ന 15 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കൂവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്ന് അറിയിച്ചു. മലയാളികള്‍ അടക്കമുള്ള തടവുകാര്‍ക്കാണ് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ഷാര്‍ജ ജയിലില്‍ നിന്നും ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ ഒഴികെ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 145 പേര്‍ക്കാണ് ഇളവ് ലഭിച്ചത്. ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം.