കേരള സന്ദർശനം പൂർത്തിയാക്കി ഷാര്‍ജ ഭരണാധികാരി ആഗ്രയിലേക്ക് തിരിച്ചു

Posted on: September 27, 2017 5:29 pm | Last updated: September 28, 2017 at 8:58 am

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി ആഗ്രയിലേക്ക് പോയി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങിന് ശേഷം ബുധനാഴ്ച രാവിലെ കൊച്ചിയിലേക്ക് തിരിച്ച സുൽത്താൻ അവിടെ നിന്നും വെെകീട്ട്  5.30നാണ് ആഗ്രയിലേക്ക് തിരിച്ചത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ കേരളത്തിന് പ്രയോജനപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹവുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ നിസ്സാരകുറ്റത്തിന് ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന പ്രഖ്യാപനമാണ് അതില്‍ പ്രധാനം. മലയാളികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതി ആരംഭിക്കുന്നതിനും സാസ്‌കാരിക കേന്ദ്രം പണിയുന്നതിനും സുല്‍ത്താന്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദവും സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന് സമ്മാനിച്ചു.