അറബ് ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായി

Posted on: September 26, 2017 6:46 pm | Last updated: September 26, 2017 at 6:46 pm

ദോഹ: അറബ് ഗള്‍ഫ് കപ്പ് 23 ാം പതിപ്പിന് വേദിയാകാന്‍ ദോഹ സജ്ജമാണെന്ന് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ റുമൈഹി അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി അഞ്ച് വരെയാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന ചടങ്ങ് അടക്കമുള്ളവയുടെ സന്നാഹങ്ങള്‍ സംഘാടക സമിതിയുമായി ചര്‍ച്ച ചെയ്യുമെന്നും തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പിന് ശേഷം ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, നറുക്കെടുപ്പ് ചടങ്ങില്‍ യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല. വരും പരിപാടികളില്‍ ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കിലും ടീമുകള്‍ പൂര്‍ണമായില്ലെങ്കിലും ഒറ്റ റൗണ്ട് ലീഗ് ഫോര്‍മാറ്റില്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് അല്‍ റുമൈഹി അറിയിച്ചു. ഇക്കാര്യത്തില്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ബ്യൂറോയും ജനറല്‍ അസംബ്ലിയും തീരുമാനം കൈക്കൊള്ളും. കുവൈത്തിന് അന്താരാഷ്ട്രതലത്തിലുള്ള സസ്‌പെന്‍ഷന്‍ കാരണം ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ ബഹ്‌റൈന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇത് തള്ളുകയായിരുന്നു. ബഹ്‌റൈനില്‍ വെച്ച് നടന്ന യോഗത്തിലാണ് ഈ ആവശ്യം തള്ളിയതും ടൂര്‍ണമെന്റിന്റെ സമയം നിര്‍ണയിച്ചതും വേദിയായി ഖത്വറിനെ തീരുമാനിച്ചതും. എട്ട് രാജ്യങ്ങള്‍ ചേര്‍ന്നാണ് ഫെഡറേഷന്‍ സ്ഥാപിച്ചത്. ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആദ്യ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റാണിത്. എക്‌സിക്യൂട്ടീവ്, ടൂര്‍ണമെന്റ് കമ്മിറ്റികളുമായി ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറല്‍, പിന്മാറ്റം നറുക്കെടുപ്പിന് ശേഷമോ മുമ്പോ, പിഴ തുടങ്ങിയവ സംബന്ധിച്ച് ഫെഡറേഷന്റെ നിയമാവലിയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി മേധാവി ഹമദ് അല്‍ ശൈബാനി പറഞ്ഞു. ടൂര്‍ണമെന്റിന്റെ മറ്റ് സമയക്രമങ്ങള്‍ വേദിയാകുന്ന രാജ്യവും സ്‌പോണ്‍സര്‍മാരും മറ്റും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്വര്‍, ഇറാഖ്, യമന്‍, ഒമാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഫിഫയുടെ സസ്‌പെന്‍ഷനെ തുടര്‍ന്നാണ് കുവൈത്തിനെ ഉള്‍പ്പെടുത്താത്തത്. കുവൈത്തിന്റെ ഫുട്‌ബോള്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് അറബ് ശ്രമങ്ങളുണ്ട്. നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് എട്ട് ഫെഡറേഷനുകളുടെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. ടൂര്‍ണമെന്റിന് വേദിയാകുന്ന ഖത്വര്‍ ഒരു ഗ്രൂപ്പിലും ഫൈനലിസ്റ്റ് എന്ന നിലയില്‍ സഊദി അറേബ്യ മറ്റൊരു ഗ്രൂപ്പിലുമാണ്. ഈ മാസത്തെ ഫിഫ റാങ്കിംഗ് അനുസരിച്ചാണ് ബാക്കിയുള്ള ടീമുകളെ ഗ്രൂപ്പ് തിരിച്ചത്. ഗ്രൂപ്പ് എയില്‍ ഖത്വറിനൊപ്പം ഇറാഖ്, ബഹ്‌റൈന്‍, യമന്‍ ടീമുകളാണ്. ബി ഗ്രൂപ്പില്‍ സഊദി, ഒമാന്‍, യു എ ഇ ടീമുകളും ഉള്‍പ്പെടുന്നു.