Connect with us

National

ഹൈദരാബാദ് സര്‍വകലാശാല യൂനിയനില്‍ ഇടത് സഖ്യത്തിന് സമ്പൂര്‍ണ വിജയം

Published

|

Last Updated

ഹൈദരാബാദ്: ഇടത്- ദളിത്- മുസ്‌ലിം സഖ്യത്തിന് ഹൈദരാബാദ് വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. എസ് എഫ് ഐ, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ എസ് എ), ദളിത് യൂനിയന്‍ തുടങ്ങിയവയുടെയും ഫാസിസ്റ്റുവിരുദ്ധരായ സംഘടനകളുടെയും കൂട്ടായ്മയായ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (എ എസ് ജെ) എല്ലാ സീറ്റിലും വിജയം വരിച്ചു. എ ബി വി പി- ഒ ബി സി എഫ് സഖ്യമാണ് എല്ലാ സീറ്റുകളിലും എ എസ് ജെക്ക് എതിരാളിയായത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.

എ എസ് ജെയിലെ പി ശ്രീരാഗാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എ ബി വി പി- ഒ ബി സി എഫ് സഖ്യത്തിലെ പല്‍സാനിയയെയാണ് ശ്രീരാഗ് തോല്‍പ്പിച്ചത്. ശ്രീരാഗ് 1509 വോട്ടും പല്‍സാനിയ 1,349 വോട്ടും നേടി. എ എസ് ജെയിലെ ആരിഫ് മുഹമ്മദാണ് ജനറല്‍ സെക്രട്ടറി. എ ബി വി പിയുടെ കിരണ്‍ കുമാറിനെയാണ് ആരിഫ് തോല്‍പ്പിച്ചത്. ജോയിന്റ് സെക്രട്ടറിയായി എന്‍ പി മുഹമ്മദ് ആശിഖ് വിജയിച്ചു. എ ബി വി പിയിലെ മാലോത്ത് പൂജാ റാണിയായിരുന്നു എതിരാളി.

ഗുണ്ടേതി അഭിഷേക് ആണ് കള്‍ച്ചറല്‍ സെക്രട്ടറി. ലാലോം ശിവകുമാര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ക്യാമ്പസില്‍ ഉയര്‍ന്നുവന്ന ഫാസിസിറ്റ്‌വിരുദ്ധ പ്രക്ഷോഭങ്ങളാണ് എ എസ് ജെയുടെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന എല്ലാ സംഘടനകളും വിശാല സഖ്യത്തില്‍ അംഗമായതും വിജയം ആധികാരികമാക്കി.

 

---- facebook comment plugin here -----

Latest