ബലാത്സംഗം: മറ്റൊരു ആള്‍ദൈവം കൂടി അറസ്റ്റില്‍; പിടിയിലായത് ഫലഹാരി ബാബ

Posted on: September 23, 2017 3:24 pm | Last updated: September 23, 2017 at 9:44 pm

ജയ്പൂര്‍: രാജസ്ഥാനില്‍ ആള്‍ദൈവം ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. ആള്‍വാറിലെ ഫലഹാരി ബാബ എന്നറിയപ്പെടുന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ (71) ആണ് പിടിയിലായത്. ഛത്തിസ്ഗഢ് സ്വദേശിയായ 21കാരിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് ഉറപ്പായതോടെ കടുത്ത രക്തസമ്മര്‍ദം അനുഭവപ്പെട്ട ഇയാളെ ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ ബന്ധുക്കള്‍ 15 വര്‍ഷത്തില്‍ അധികമായി ബാബയുടെ അനുയായികളാണ്. നിയമ വിദ്യാര്‍ഥിനിയായ യുവതി ഇന്റേണ്‍ഷിപ്പ് കാലത്ത് പ്രതിഫലമായി ലഭിച്ച 3000 രൂപ ബാബക്ക് സമ്മാനിക്കാനാണ് ആശ്രമത്തില്‍ എത്തിയത്. എന്നാല്‍ അന്ന് ഗ്രഹണമായതിനാല്‍ ബാബ ദര്‍ശനം നല്‍കില്ലെന്ന് അറിയിക്കുകയും ആശ്രമത്തില്‍ തങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വൈകീട്ട് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.