സുപ്രീം കോടതിയില്‍ കാസര്‍കോട്ടുകാരന്‍ മുന്‍കൈയെടുത്ത് പുതിയ കീഴ്വഴക്കം

Posted on: September 22, 2017 7:43 am | Last updated: September 22, 2017 at 12:45 am

കാസര്‍കോട്: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഇനി മുതല്‍ പ്രത്യേക പരിഗണനയില്ല. നിയമവിരുദ്ധമായ ഈ കീഴ്‌വഴക്കത്തിന് തടയിടാന്‍ ഇടപെട്ടത് കാസര്‍കോട് സ്വദേശിയായ അഭിഭാഷകന്‍.
സുപ്രീം കോടതിയിലെ അഭിഭാഷകനായ കാസര്‍കോട് ബങ്കളം സ്വദേശി പി വി ദിനേശാണ് കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന മുതിര്‍ന്ന അഭിഭാഷകര്‍ക്കുള്ള പ്രത്യേക പരിഗണന ഇല്ലാതാക്കിയത്. ഇത് ദിനേശന്റെ അഭിഭാഷകവൃത്തിയിലെ സുവര്‍ണ നേട്ടമായി.

പട്ടികയില്ലാത്ത കേസുകള്‍ക്ക് അടിയന്തിര പരിഗണന കിട്ടാന്‍ സുപ്രീം കോടതിയില്‍ രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമര്‍ശിക്കുന്ന മെന്‍ഷനിംഗ് രീതി ഉണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം ഉപയോഗിച്ച് അത്തരം കേസുകളില്‍ എളുപ്പത്തില്‍ നടപടികളെടുക്കാനും തീയതി ലഭിക്കാനുമാണ് ഈ സമ്പ്രദായം.
സുപ്രീംകോടതി നടപടികളിലേക്ക് കടന്ന് ചീഫ് ജസ്റ്റിസ് ഇരിക്കുന്ന ഒന്നാം നമ്പര്‍ കോടതിയിലാണ് മെന്‍ഷനിംഗ് നടക്കുക. ഇത് കഴിഞ്ഞതിന് ശേഷം മാത്രമേ പട്ടികയിലുള്ള കേസുകള്‍ പരിഗണിക്കുകയുള്ളൂ. കോടതിയുടെ കീഴ്‌വഴക്കം അനുസരിച്ച് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍പ്പെട്ട ജൂനിയര്‍ അഭിഭാഷകരാണ് മെന്‍ഷനിംഗ് നടത്തേണ്ടത്. എന്നാല്‍, മുതിര്‍ന്ന അഭിഭാഷകര്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങി ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തിവരികയായിരുന്നു. അഭിഭാഷകര്‍ വരിനിന്നാണ് ആവശ്യങ്ങള്‍ ഉന്നയിക്കുക.

എന്നാല്‍, മുതിര്‍ന്ന അഭിഭാഷകര്‍ക്ക് വരി നില്‍ക്കേണ്ടതില്ലാത്തതിനാല്‍ ഇവര്‍ ദീര്‍ഘസമയമെടുത്ത് പലവട്ടം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുന്നു. അതേസമയം, ജൂനിയര്‍ അഭിഭാഷകര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഇതിനെ അഡ്വ. പി വി ദിനേശ് കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.