കടകംപള്ളിയുടെ ഭക്തിയും മഹാബലിയുടെ മതംമാറ്റവും

  ബിവറേജ് കോര്‍പറേഷന്‍ കഴിഞ്ഞാല്‍ സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന മന്ത്രിക്ക് ഇടക്കിടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരും. പക്ഷേ, അതിന്റെ പേരില്‍ തനിക്കില്ലാത്ത ഭക്തി അഭിനയിച്ച് പുഷ്പാഞ്ജലി അര്‍പ്പിക്കലും തുലാഭാരം തൂങ്ങലും ഒക്കെ നടത്തേണ്ടതുണ്ടോ എന്ന കാര്യമാണ് ആലോചിക്കേണ്ടത്. അതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആളുകളുണ്ടല്ലോ.
Posted on: September 21, 2017 6:50 am | Last updated: September 21, 2017 at 9:40 am

 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍- വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നിന്നും വൈരുധ്യാധിഷ്ഠിത ആത്മീയ വാദത്തിലേക്കു മതപരിവര്‍ത്തനം ചെയ്ത് വിവാദമായിരിക്കുകയാണല്ലോ. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു മാത്രമല്ല മാര്‍ക്‌സിസ്റ്റ് മന്ത്രിമാര്‍ക്കും ഗുരുവായൂര്‍ ഭക്തി കലശലാകുന്നതില്‍ കുമ്മനം രാജശേഖരന്‍ മാത്രമല്ല, സാക്ഷാല്‍ ഗുരുവായൂരപ്പനും സന്തോഷിക്കുന്നുണ്ടാകും. പണ്ടൊരു മുഖ്യമന്ത്രി എല്ലാ മലയാളമാസം ഒന്നാം തീയതിയും പരിവാരസമേതം ഗുരുവായൂരെത്തി തൊഴുതു മടങ്ങുന്നത് വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തുള്ള ശ്രീ പത്മനാഭന്‍ പഴയ ഫ്യൂഡല്‍ ഭൂപ്രഭുനാട്ടു രാജാക്കന്മാരുടെ ദൈവമായിരുന്നെങ്കില്‍ ജനാധിപത്യയുഗത്തിലെ പുത്തന്‍രാജാക്കന്മാരുടെ ദൈവം ഗുരുവായൂരപ്പന്‍ തന്നെയെന്നു മാര്‍ക്സ്റ്റ് മന്ത്രിമാര്‍ക്കും തോന്നി തുടങ്ങിയതിനെ കലികാലവൈഭവം എന്നല്ലാതെ ന്തു പറയാനാണ്. മഹര്‍ഷിയില്‍ നിന്നും മാര്‍ക്‌സിലേക്കു നടന്നു തുടങ്ങിയവര്‍ മാര്‍ക്‌സിലെത്താതെ തിരികെ മഹര്‍ഷിയിലേക്കു നടന്നു തുടങ്ങിയിരിക്കുന്നു. സി പി എമ്മിന്റെ വിശദീകരണം ചോദിക്കലിനു കടകംപള്ളി സുരേന്ദ്രന്‍ എന്തു മറുപടി കൊടുത്താലും -നമ്മുടെ ചാനല്‍ ചന്തകളില്‍ ഒരാഴ്ചക്കാലത്തെ വില്‍പനക്കുള്ള വിഭവങ്ങള്‍ ലഭിക്കാതിരിക്കില്ല.

ഇതോടു ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ക്കു ചര്‍ച്ചചെയ്യാവുന്ന വിഷയമാണ് അസുര മതക്കാരനായിരുന്ന നമ്മുടെ ദ്രാവിഡ രാജാവ് മഹാബലി, സുരന്മാരുടെ മതമായ ആര്യമതത്തിലേക്കു മതംമാറ്റം നടത്തിയ കഥ. മഹാബലി തീര്‍ച്ചയായും ഒരു വൈരുധ്യാഷ്ഠിത ഭൗതികവാദിയായിരുന്നു. ബുദ്ധി ജീവിസഹജമായ സംശയരോഗത്തിനടിപ്പെട്ട മഹാബലി ആര്യന്മാരുടെ ദൈവമായ മഹാവിഷ്ണുവിനെ ആരാധിച്ചു തുടങ്ങി. അതിന്റെ ഫലമായിരുന്നു വാമനവേഷം കെട്ടിയുള്ള വിഷ്ണുവിന്റെ പ്രത്യക്ഷപ്പെടലും മഹാബലിയെ നേരെ പാതാളത്തിലേക്കു നാടു കടത്തിയതും. മാര്‍ക്‌സിസ്റ്റ് മന്ത്രിമാരുടെ ഗുരുവായൂര്‍ഭക്തി മൂത്ത് മഹാബലിക്കു സംഭവിച്ചതുപോലൊന്നും അവര്‍ക്കു സംഭവിക്കാതിരുന്നാല്‍ മതിയായിരുന്നു. എന്തെന്തു പുതിയ വ്യാഖ്യാനങ്ങളാണ് സംഘ്പരിവാര്‍ ശക്തികള്‍ ഓണത്തോടും മഹാബലിയോടും ബന്ധപ്പെടുത്തി ബാലഗോകുലം മുതല്‍ വൃദ്ധപരിവാര്‍ വരെയുള്ളവരുടെ തലയില്‍ അടിച്ചുകയറ്റിക്കൊണ്ടിരിക്കുന്നത്! ഓണത്തിന് മഹാബലിയുമായി ബന്ധമൊന്നുമില്ല. അതു മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ വാമനന്റെ ജന്മദിനമാണ് എന്ന അവകാശവാദം അംഗീകരിക്കാവുന്നതേയുള്ളൂ. വാമനാവതാരത്തിന്റെ പേരിലും ഉണ്ടല്ലോ ഒരു തൃക്കാക്കരഅപ്പന്‍ ക്ഷേത്രം. ഇന്ത്യയിലെ ഏക വാമനമൂര്‍ത്തി ക്ഷേത്രം! ഭാവിയില്‍ വാമനപ്രതിഷ്ഠയുള്ള ഒട്ടേറെ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെടാന്‍ ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാവുകയില്ല. തൃക്കാക്കരയില്‍ മഹാബലിയുടെ പ്രതിമവെക്കാന്‍ പോകുന്നതായും കേട്ടു. പ്രതിമ പണിയാതിരുന്നിട്ടു തന്നെ നമ്മുടെ ചിത്രകാരന്മാരും കാര്‍ട്ടൂണിസ്റ്റുകളും എല്ലാം ചേര്‍ന്നു മഹാബലിയെ വരച്ച് ഒരു കോലത്തിലാക്കിയിട്ടുണ്ട്. ഓലക്കുടയും പാളത്താറും കൂറ്റന്‍ കുടവയറും പൂണൂലും കോമാളിത്തൊപ്പിയും ഇങ്ങനെയൊക്കെ തന്നെയായിരിക്കുമല്ലോ പ്രതിമയും. ഇതു സാര്‍വത്രികമാകുന്നതോടെ കേരളത്തിലേക്കുള്ള മഹാബലിയുടെ വരവ് നിലയ്ക്കും. എന്തൊക്കെ നുണക്കഥകളാണ് ഇതുവരെ പറഞ്ഞു പരത്തിയത്. ദുഷ്ടന്മാരെ നിഗ്രഹിക്കാനും ധര്‍മം സ്ഥാപിക്കാനുമാണത്രേ മഹാവിഷ്ണു ദശാവതാരം എടുത്തത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ അവതാരമായ വാമനമൂര്‍ത്തിയുടെ അവതാരലക്ഷ്യം മഹാബലി എന്ന കേരള ചക്രവര്‍ത്തിയെ നിഗ്രഹിക്കാനാണെന്നല്ലേ ഈ സംഭവാമീയുഗേയുഗേ വാദക്കാര്‍ പറയുന്നത്. എന്തധര്‍മ്മം ആണ് മഹാബലി ചെയ്തതെന്നു നമ്മുടെ പാര്‍ട്ടി സ്‌കൂളിലെ കുട്ടി സഖാക്കളെങ്കിലും ഇതുവരെ ചര്‍ച്ച ചെയ്തിട്ടുണ്ടോ?   മാനുഷരെല്ലാരും ഒന്നു പോലെ  കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളിവചനം”
എന്നു ഏതു ചക്രവര്‍ത്തിയുടെ ഏതു കാലത്തെ ഭരണത്തെക്കുറിച്ച് ആണ് പാണന്മാര്‍ പാടിയിട്ടുള്ളത്? സൈദ്ധാന്തികാചാര്യന്‍ കാറല്‍മാര്‍ക്‌സ് ജനിക്കുന്നതിനും എത്രയൊ നൂറ്റാണ്ടുകള്‍ക്കു മുമ്പെ സ്ഥിതി സമത്വത്തിലും പൗരസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ നീതിയിലും ന്യായത്തിലും അടിയുറച്ച ഒരു ഭരണം നടപ്പിലാക്കിയെന്നതാണോ മഹാബലിയുടെ പേരില്‍ ആരോപിക്കുന്ന കുറ്റം.  മഹാബലി അസുരനാണത്രെ. ആരാണീ അസുരന്‍? കുടിയന്മാരായ ആര്യന്മാര്‍ സുരകുടിക്കാത്ത ദ്രാവിഡരാജാക്കന്മാരെ അസുരന്മാര്‍ എന്നു വിളിച്ചാക്ഷേപിച്ചു. അസുരന്‍ രാജ്യഭാരം നടത്തിക്കൂടത്രേ. അവര്‍ക്കു ജീവിക്കാനുള്ള സ്ഥലം ഭൂഗര്‍ഭത്തിലുള്ള പാതാളമാണു പോലും. ഇത്തരം വിചിത്രമായ  ഒരു കഥ. ഒരു തുള്ളി രക്തം ചിന്താതെ ഒരു സൈനികനെയെങ്കിലും കൊല്ലാതെ ചതിവും വഞ്ചനയും മാത്രം പ്രയോഗിച്ച് ഒരു ജനതയെ ഒന്നാകെ കീഴടക്കിയ കഥ, യാതൊരു ചെറുത്തുനില്‍പ്പും കൂടാതെ അവരുടെ ഭരണാധികാരിയെ നാടു കടത്തിയ കഥ.

ഈ തവണ വന്നപ്പോഴും പാവം മഹാബലി തൃക്കാക്കരയപ്പനെ വന്ദിച്ചു ചോദിച്ചിരിക്കണം. അങ്ങ് പ്രവര്‍ത്തിച്ചതു ധര്‍മം ആണോ? ഞാനെന്തു തെറ്റു ചെയ്തിട്ടാണെന്നെ പാതാളത്തിലേക്കു നാടുകടത്തിയത്?  അദ്ദേഹത്തിന്റെ  ചോദ്യത്തിന്   ഉത്തരം സ്വയം ആലോചിച്ചു കണ്ടുപിടിച്ചോളാനായിരിക്കണം തൃക്കാക്കരയപ്പന്‍ പറഞ്ഞിട്ടുണ്ടാവുക. ഏതായാലും നമ്മുടെ കുമ്മനംജി ഉത്തരം കെണ്ടത്തിക്കഴിഞ്ഞു. അഹങ്കാരം. ഒരു ഭരണാധികാരിക്കും അയാള്‍ ആര്യനാകട്ടെ, ദ്രാവിഡനാകട്ടെ, ഇത്രമേല്‍ അഹങ്കാരം പാടില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലുടനെ ചോദിച്ചതിലധികം നല്‍കി ഔദാര്യനിധിയാകാനുള്ള തത്രപ്പാട്. രാജ്യം ഭരണാധികാരിയുടേതല്ല. ജനങ്ങളുടേതാണ്. തന്റേതല്ലാത്ത സ്വത്ത് ദാനം ചെയ്ത് പ്രതാപം കാണിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.അങ്ങനെ ചെയ്യുന്നവര്‍ ഒന്നുകില്‍ നാടു കടത്തപ്പെടും. അല്ലെങ്കില്‍ ഗളഹസ്ഥം ചെയ്യപ്പെടും. ഇപ്പോള്‍ കേന്ദ്രമന്ത്രിമാരുടെയടുത്തും സംസ്ഥാനമന്ത്രിമാരുടെ അടുത്തും ഒക്കെ പല കോര്‍പറേറ്റ് ഭീമന്മാരും വന്നുപോകുന്നുണ്ടല്ലോ. മുന്‍പിന്‍ ആലോചിക്കാതെ അവര്‍ നീട്ടിക്കൊടുക്കുന്ന കരാറുകളില്‍ ഒപ്പിടുന്നവര്‍ക്കും ഒരു പക്ഷേ മഹാബലിയുടെ അനുഭവം തന്നെയാകും ഉണ്ടാകുക. കണ്ണു തെറ്റിയാല്‍  എന്തും റാഞ്ചിയെടുത്തു സ്വന്തമാക്കുന്ന കാലമാണ്. ഇപ്പോള്‍ വാമനകക്ഷി ലക്ഷ്യമിട്ടിരിക്കുന്നത് പാഠപുസ്തകങ്ങളെയാണ്. ഏതു പാഠവും, ഏതു ചരിത്രവും, തിരുത്തി എഴുതാന്‍ വിദഗ്ധരായ വിദ്വാന്മാര്‍ അക്കാദമിക്ക് കൗണ്‍സിലുകള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നതായിട്ടാണ് കേള്‍ക്കുന്നത്.
ആര്യന്മാരുടെ (ദേവന്മാരുടെ) രാജാവായ ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് മഹാബലിയെ  പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയത് തെറ്റായിപ്പോയി എന്ന് ഉപരിആലോചനയില്‍ ഭഗവാന്‍ മഹാ വിഷ്ണുവിനു മനസ്സിലായിരിക്കണം. ധര്‍മത്തിന്റെ ചായം പൂശി താന്‍ പ്രവര്‍ത്തിച്ച അതിക്രമങ്ങളുടെ പട്ടികയില്‍ അദ്ദേഹത്തിനു പശ്ചാത്താപം തോന്നിയ ഒരേ ഒരു സന്ദര്‍ഭം മഹാബലിയോടു കാണിച്ച വഞ്ചനയായിരുന്നുവെന്നദ്ദേഹത്തിനു ബോധ്യം വന്നു പോലും. അതിനാല്‍ പാതാളത്തിന്റെ അടിത്തട്ടിലേക്കു മഹാബലിക്കു പോകേണ്ടി വന്നില്ല. അതലം, വിതലം, സുതലം, തലാതലം, രസാതലം, മഹാതലം, പാതാളം എന്നിങ്ങനെ ഏഴ് അതോതല മേഖലകളാണ് നമ്മുടെ ഈ ഭൂമിക്കടിയില്‍ ഉള്ളത്. ഇതില്‍ മൂന്നാമത്തെ തലമായ സുതലത്തില്‍ മഹാബലി എത്തിയപ്പോഴേക്കും മഹാവിഷ്ണുവിനു കുറ്റബോധം ഉണര്‍ന്നു. ഈ കുറ്റബോധം നിമിത്തം മഹാവിഷ്ണു വാമന വേഷത്തില്‍ തന്നെ അന്നു മുതല്‍ ഇന്നു വരെയും മഹാബലിയുടെ പാതാളരാജധാനിയില്‍ ദ്വാരപാലകനായി നില്‍ക്കുന്നു. ഒരിക്കല്‍ രാവണന്‍ പാതാളം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ട് സുതലത്തില്‍ എത്തിയപ്പോള്‍ ദ്വാരപാലകനായ വാമനപ്രഭു പുറങ്കാലിനടിച്ചോടിക്കുകയുണ്ടായി. ഈ ഏഴുപാതാളലോകങ്ങളെ കുറിച്ചുള്ള കഥകളിലൂടെ സഞ്ചരിച്ചാല്‍ ഇതിലോരോന്നിലും തുല്യദുഃഖിതരായ അനേകം ഭരണാധികാരികള്‍ ആസ്ഥാനമുറപ്പിച്ചിരിക്കുന്നതായി കാണാം. ബ്രാഹ്മണ ഹിന്ദുയിസത്തിന്റെ പൂര്‍വികരായ ആര്യനധിനിവേശശക്തികളാല്‍ അധികാരഭ്രഷ്ടരാക്കി നാടുകടത്തിയ  ദ്രാവിഡ രാജാക്കന്മാരായിരുന്നു ഇവരെല്ലാം. പാതാളത്തിന്റെ ഒന്നാം തട്ടായ അതലത്തില്‍ മയന്റെ പുത്രന്‍ ബലന്‍ വസിക്കുന്നു. സര്‍വാഭിഷ്ടദായകങ്ങളായ 96 നായ്ക്കളെ സൃഷ്ടിച്ച്  ശക്തി കാണിച്ചവരായിരുന്നു.“സിദ്ധന്‍ ഞാന്‍, ഈശ്വരന്‍ ഞാന്‍, പതിനായിരം ആനതന്‍ ബലമുള്ളവനും ഈ ഞാന്‍”എന്നു വീമ്പിളക്കി നടന്ന കക്ഷിക്ക് ഇന്ദ്രന്റെയും സംഘത്തിന്റെയും മുമ്പില്‍ അടിയറവു പറഞ്ഞ് പാതാളത്തിലേക്ക് പലായനം ചെയ്യാനായിരുന്നു വിധി. രണ്ടാമത്തെ പാതാള രാജ്യം വിതലമാണ്. ആടകേശ്വരന്‍ എന്ന അസുരരാജാവാണ് ഇവിടെ വസിക്കുന്നത്. അതത്ര മോശം സ്ഥലമല്ല. പിന്നീട് ശിവനായി മാറിയ ദ്രാവിഡ ദൈവം രുദ്രന്‍ തന്നെയാണ്, ഭവാനി സ്വമേധനായി കാടകേശ്വരന്‍ എന്ന പേരില്‍ അവിടെ വസിക്കുന്നത്. ദേവന്മാര്‍ക്ക് ഇയാളെ പേടിയാണ്. പൂജിക്കപ്പെട്ടും ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടും പ്രജകളെ വര്‍ധിപ്പിച്ചു കൊണ്ടുമാണ് അദ്ദേഹം വിതലം അടക്കി വാണിരുന്നത്. പാര്‍വതീ പരമേശ്വരന്മാരുടെ വീര്യം അവിടെ ഹാടകി എന്ന നദിയായി പ്രവഹിക്കുന്നു. ആ നദിയിലെ രസത്തെ വായുദീപ്തനായ അഗ്നി പാനം ചെയ്ത് ഉത്പാദിപ്പിക്കുന്നതാണത്രേ ഹാടകം എന്ന സ്വര്‍ണം. അവിടുത്തെ സ്ത്രീകള്‍ ഈ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ ആഭരണം ധരിക്കുന്നു.
ഇങ്ങനെയെത്രെയത്ര കഥകള്‍? എന്തെല്ലാം ഭാവനകള്‍! വംശീയതയുടെ വിഷവിത്തു വിതച്ചുകൊണ്ട് തദ്ദേശീയ ജനതയുടെ സ്വത്തും സംസ്‌കാരവും കവര്‍ന്നെടുത്തപ്പോള്‍ ഇങ്ങനെ പല കഥകളും ഉണ്ടായി. തങ്ങള്‍ക്കു കീഴടങ്ങാത്തവര്‍, ചൊല്‍പ്പടിക്കു നില്‍ക്കാത്തവര്‍, കാഴ്ചയില്‍ വ്യത്യസ്തരായി നിന്നവര്‍, അവര്‍ക്കെല്ലാം അപഹാസ്യമായ പേരുകള്‍ നല്‍കി. സര്‍പ്പങ്ങള്‍, കുരങ്ങന്മാര്‍, നാഗന്മാര്‍, രാക്ഷസന്മാര്‍, ചണ്ഡാലന്മാര്‍, കാട്ടാളന്മാര്‍.അവരെ അപമാനിക്കുന്ന കഥകള്‍ മെനഞ്ഞുണ്ടാക്കി. അവരെ നിഗ്രഹിക്കുന്നതിനും അല്ലെങ്കില്‍ ആട്ടിപ്പായിക്കുന്നതിനും നീതീകരണം നല്‍കുന്ന  പിഴച്ച യുക്തികള്‍ പ്രചരിപ്പിച്ചു. തങ്ങള്‍ ചെയ്യുന്നതത്രയും ധര്‍മം. മറ്റുള്ളവര്‍ ചെയ്യുന്നത് അധര്‍മം. ഇത്രയൊക്കെ ചെയ്തിട്ടും മഹാബലിയുടെ പേരില്‍ മാത്രം യാതൊരധര്‍മവും ആരോപിക്കാന്‍ ആര്യന്‍ കഥാകൃത്തുക്കള്‍ക്കായില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ടവരാണ് പുരാണകഥകളിലെ ഈ വില്ലന്‍ കഥാപാത്രങ്ങള്‍. അവരുടെ തിരിച്ചു വരവിന്റെയും ശാക്തീകരണത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു കൊണ്ടാണ് ഓരോ തവണയും മഹാബലി കേരളത്തില്‍ വന്നുപോകുന്നത്. മഹാബലിയെ നമ്മള്‍ ആ നിലയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ദേവീഭാഗവതം ധസമസ്‌കന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വാമനകഥകളാണ് മുകളില്‍ സംഗ്രഹിച്ചത്. ഹിന്ദു ഐക്യത്തിന്റെ വ്യാജമുദ്രാവാക്യം മുഴക്കുന്ന ശക്തികള്‍ ഒരിക്കല്‍ അവര്‍ നിഗ്രഹിച്ച മഹാബലിയെപ്പോലുള്ളവര്‍ക്കമ്പലം പണിയുന്ന തിരക്കിലാണ്. ബീവറേജ് കോര്‍പറേഷന്‍ കഴിഞ്ഞാല്‍ സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന മന്ത്രിക്ക് ഇടക്കിടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരും. പക്ഷേ, അതിന്റെ പേരില്‍ തനിക്കില്ലാത്ത ഭക്തി അഭിനയിച്ച് പുഷ്പാഞ്ജലി അര്‍പ്പിക്കലും തുലാഭാരം തൂങ്ങലും ഒക്കെ നടത്തേണ്ടതുണ്ടോ എന്ന കാര്യമാണ് ആലോചിക്കേണ്ടത്. അതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആളുകളുണ്ടല്ലോ. ഒരമ്പലം നശിച്ചാല്‍ അത്ര കണ്ട് അന്ധവിശ്വാസം നശിച്ചു എന്നു പറഞ്ഞ സഹോദരന്‍ അയ്യപ്പന്റെയും ഒരു ക്ഷേത്രത്തിനും ദര്‍ശനത്തിനു നിന്നു കൊടുക്കാതെ തന്നെ സച്ചിതാനന്ദ സ്വരൂപനായ ദൈവത്തെ സ്വന്തം ഹൃദയത്തില്‍ പ്രതീക്ഷിച്ച ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഹിന്ദു വിശുദ്ധന്‍ എന്നു പേരെടുത്ത മഹാത്മാ ഗാന്ധിയുടേയും പാരമ്പര്യം പിന്തുടരാനാണ് ഇവിടെ ആളില്ലാത്തത്. തന്റെ വിശ്വാസവും അവിശ്വാസവും ചര്‍ച്ച ചെയ്യാനുള്ള അവസരമല്ല ഇത് എന്ന മന്ത്രിയുടെ മറുപടിയില്‍ എന്തൊക്കെയോ ചിലത് ദഹിക്കാതെ കിടക്കുന്നു. ക്ഷേത്രാചാരങ്ങളോടു ബന്ധപ്പെട്ട യഥാതഥാവസ്ഥ സംരക്ഷിക്കല്‍ അല്ല അവയെ കാലോചിതമായി പരിഷ്‌കരിക്കലും ഒരിടതുപക്ഷ സര്‍ക്കാറിന്റെ ചുമതലയാണ്. ഇതു മനസ്സിലാക്കാതെയുള്ള വേഷം കെട്ടലുകള്‍ ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള കേവലമായ അടവുകളാണെന്ന് വിമര്‍ശനം ഉയരും.